രാജ്യ തലസ്ഥാനത്ത് ആശങ്കയേറ്റി വായുവിൻറെ ഗുണനിലവാരം

04:20 PM Dec 16, 2025 | Neha Nair

ഡൽഹി : രാജ്യ തലസ്ഥാനത്തെ വായുവിൻറെ ഗുണനിലവാരം മോശമായതിനെത്തുടർന്ന്, ദില്ലിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ക്ലാസുകൾ പൂർണ്ണമായും ഓൺലൈനാക്കി മാറ്റാൻ ദില്ലി സർക്കാർ ഉത്തരവിട്ടു. നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഗുരുതരം എന്ന വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്ത് ഈ തീരുമാനം. നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു.

ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിലവിലുള്ള ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരും. പരിഷ്കരിച്ച ഈ ക്രമീകരണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലനിൽക്കും. നോയിഡയിലെ ഗൗതം ബുദ്ധ് നഗർ ജില്ലാ ഭരണകൂടവും സ്കൂളുകൾക്കും കോച്ചിംഗ് സെൻററുകൾക്കും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ-നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടത്തണം. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും ഹൈബ്രിഡ് ഫോർമാറ്റിൽ ക്ലാസുകൾ തുടരും.