+

എകെസിസി ഗ്ലോബല്‍ പ്രസി‍ഡന്‍റ് രാജീവിന്‍റെ പേരിനൊപ്പം ചേര്‍ത്ത വ്യാജ തസ്തിക വിവാദത്തില്‍ ; പേരിനൊപ്പം ചേര്‍ത്ത 'പ്രൊഫസര്‍' തസ്തിക വ്യാജമെന്ന് പരാതി

കത്തോലിക്ക കോൺഗ്രസിന്റെ  കാസര്‍കോഡ് - തിരുവനന്തപുരം അവകാശസംരക്ഷണ യാത്രയുടെ ജാഥാ ക്യാപ്റ്റനും എകെസിസി ഗ്ലോബല്‍ പ്രസിഡന്‍റുമായ രാജീവ് കൊച്ചുപറമ്പില്‍ വ്യാജ തസ്തിക വിവാദത്തില്‍.

തിരുവനന്തപുരം : കത്തോലിക്ക കോൺഗ്രസിന്റെ  കാസര്‍കോഡ് - തിരുവനന്തപുരം അവകാശസംരക്ഷണ യാത്രയുടെ ജാഥാ ക്യാപ്റ്റനും എകെസിസി ഗ്ലോബല്‍ പ്രസിഡന്‍റുമായ രാജീവ് കൊച്ചുപറമ്പില്‍ വ്യാജ തസ്തിക വിവാദത്തില്‍.

വാർത്തകളിൽ രാജുവിന്റെ പേരിനൊപ്പം ചേർത്തിട്ടുള്ള 'പ്രൊഫസർ' തസ്തികാ പ്രയോഗം വ്യാജമാണെന്നും ഇദ്ദേഹത്തിന് ഒരു സർവകലാശാലയിൽനിന്നും പ്രൊഫസർഷിപ്പ് ലഭിച്ചിട്ടില്ലെന്നും കാണിച്ചു ഒരു കത്തോലിക്ക വിശ്വാസി ഗവർണർക്കും സർവകലാശാലയ്ക്കുംയുജിസിക്കും പരാതി നൽകിയിരിക്കുകയാണ്.

അരുവിത്തുറ, പെരുവന്താനം, രാമപുരം എന്നിവിടങ്ങളിലെ ഓരോ അണ്‍ എയ്ഡഡ് കോളേജുകളില്‍ ഏതാനും വര്‍ഷം മാത്രം അധ്യാപന പരിചയമുള്ള രാജീവ് കൊച്ചുപറമ്പില്‍ പേരിനൊപ്പം 'പ്രൊഫ:' പദവി ഉപയോഗിച്ചതിനെതിരെയാണ്  കത്തോലിക്കാ വിശ്വാസികളായ ജില്ലയിലെ പൊതുപ്രവര്‍ത്തകർ പരാതി നൽകിയത് .

ജാഥയുടെ ഫ്ലക്സ് ബോര്‍ഡുകളിലും ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളിലും പ്രൊഫ: രാജീവ് കൊച്ചുപറമ്പില്‍ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്.രാജീവിന്‍റെ സ്വന്തം നാടായ പാലായിലെ കുരിശുപള്ളി കവലയിൽ ഉൾപ്പെടെ ഇതേരീതിയിലുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പാലാ സ്വദേശിയായ രാജീവ് കൊച്ചുപറമ്പിലിനെതിരെയാണ് വ്യാജ തസ്തിക ഉപയോഗിച്ചു എന്ന പേരിൽ പരാതി ഉയർന്നതെന്നത് സംഘടനയ്ക്കും നാണക്കേടായി . ഒരു ഗവൺമെന്റ് കോളേജിലോ എയ്ഡഡ് കോളേജിലോ അധ്യാപനം നടത്താത്ത വ്യക്തിയാണ് രാജീവ്.

ഒരാൾ പ്രൊഫസർ എന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ യുജിസി വ്യക്തമായ മാനദണ്ഡങ്ങൾ പറയുന്നുണ്ട്. ഇതിൽ പ്രധാനമാണ് ഏതെങ്കിലും അംഗീകൃത കോളേജിൽ 10 വർഷം കുറഞ്ഞത് അസിസ്റ്റന്റ് പ്രൊഫസർ, പിന്നീട് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രവർത്തന പരിചയം വേണമെന്നത്.

 ഇത്തരത്തിൽ ചുരുങ്ങിയത് 20 വർഷം എങ്കിലും അധ്യാപന പരിചയമുള്ള അധ്യാപകർക്ക് അവരുടെ ഗവേഷണ മികവ് കൂടി പരിഗണിച്ച് അതാത് സർവകലാശാലകൾ ആണ് പ്രൊഫസർഷിപ്പ് നൽകുന്നത്. 

എന്നാൽ ഇത്തരത്തിൽ റെഗുലർ കോളേജുകളിൽ നിയമനം പോലും നേടിയിട്ടില്ലെന്നിരിക്കെയാണ് അൺ എയിഡഡ് കോളേജിലെ ഏതാനും വർഷങ്ങളിലെ അധ്യാപന പരിചയം മാത്രമുള്ള രാജീവ്‌ വിശ്വാസികളെ തെറ്റിധരിപ്പിക്കും വിധം പ്രൊഫസർ എന്ന് വിശേഷിപ്പിച്ചത്.

 അവകാശ സംരക്ഷണ യാത്രയുടെ കത്തോലിക്ക കോൺഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പ് മലയാള മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്  'പ്രൊഫസർ' രാജീവ് കൊച്ചുപറമ്പിൽ എന്ന നിലയിലായിരുന്നു.

 മാത്രമല്ല സംസ്ഥാനത്തുടനീളം കത്തോലിക്ക കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ മുഴുവൻ 'പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ എന്ന നിലയിലാണ് വാർത്തകൾ വന്നത്.

രാജീവിന് പ്രൊഫസർ യോഗ്യത ഇല്ലെന്ന് വ്യക്തമായി അറിയാവുന്ന സംഘടനാ നേതൃത്വത്തിലുള്ള മറ്റു ള്ളവരും ഇത് തിരുത്താൻ തയ്യാറായില്ലെന്നത് വിശ്വാസി സമൂഹത്തെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

 കത്തോലിക്കാ സഭയുടെ നൂറ്റാണ്ട് പിന്നിട്ട ഏറ്റവും സുപ്രധാന അൽമായ സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തിക്കെതിരെയാണ് ആരോപണം എന്നതാണ് ശ്രദ്ധേയം.

അതേസമയം രാജീവിനെതിരെ യൂണിവേഴ്സിറ്റിക്കും യുജിസിക്കും പരാതി പോയെന്ന വിവരം ശ്രദ്ധയിൽപെട്ട ഉടൻ വിഷയത്തിൽ നേരിട്ട് ഇടപെട്ട പാലാ ബിഷപ്പ് ഹൗസ്  അതിനുശേഷമുള്ള മുഴുവൻ വാർത്തകളിൽ നിന്നും രാജീവിന്റെ പേരിന് ഒപ്പമുള്ള പ്രൊഫസർ പ്രയോഗം പിൻവലിക്കാൻ നിർദേശം നൽകുകയായിരുന്നു.

ഇതോടെ യാത്ര പാലായിൽ പ്രവേശിച്ചത് മുതൽ  പിന്നീടുള്ള വാർത്തകളിൽ നിന്നും  പ്രൊഫസർ പ്രയോഗം നീക്കം ചെയ്തിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യാത്രാ സമാപനത്തിന്റെ വാർത്തകളിൽ പോലും പ്രൊഫസർ വിശേഷണം നീക്കം ചെയ്തിരുന്നു. 

ഇതോടെ കത്തോലിക്ക സഭയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം വ്യാജ പ്രൊഫസർ പദവി അവകാശപ്പെട്ടത് സഭക്കും സംഘടനക്കും കൂടി നാണക്കേടു സൃഷ്ടിച്ചിരിക്കുകയാണ്. യാത്രയുടെ തുടക്കം മുതലുള്ള മുഴുവൻ യാത്രകളിലും പ്രൊഫസർ വിശേഷങ്ങളോട് കൂടിയാണ് മനോരമ ഉൾപ്പെടെ യാത്ര റിപ്പോർട്ട് ചെയ്തിരുന്നത്.

facebook twitter