അക്ഷയ് കുമാർ നായകനായ 'കേസരി 2' ഏപ്രിൽ 18ന് തിയറ്ററുകളിൽ

06:45 PM Mar 30, 2025 | Neha Nair

അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രമാണ് കേസരി 2. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോസ്റ്ററുകളിലെല്ലാം അഭിഭാഷക വേഷത്തിലാണ് അക്ഷയ് കുമാർ ഉള്ളത്. ഒപ്പം മാധവനും അനന്യ പാണ്ഡെയും ഉണ്ട്. ചിത്രം ഏപ്രിൽ 18ന് തിയറ്ററുകളിൽ എത്തും.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസറിൽ നിന്നും വ്യക്തമാകുന്നത്. ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി. ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ കേസരി 2ന്റെ ടീസർ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ബ്രിട്ടീഷ് ജഡ്ജി ഇരിക്കുന്ന കോടതിയിൽ ഒരു കർക്കശക്കാരനായ അഭിഭാഷകനായി അക്ഷയ് കുമാര്‍ എത്തുന്നത് ടീസറിൽ നിന്നും വ്യക്തമായിരുന്നു. മാധവനും അക്ഷയ് കുമാറും കോടതിയിൽ വാദപ്രതിവാദങ്ങൾ നടത്തുന്നെന്ന തരത്തിൽ പോസ്റ്ററിലും കാണാം.