ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ടണ്‍ ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്സ് വസ്തുക്കള്‍ (ഇ-വെയ്സ്റ്റ്) തെക്കുകിഴക്കന്‍ ഏഷ്യയിലെ വികസ്വര രാജ്യങ്ങളിലേക്ക് കടത്തപ്പെടുന്നത് 'അദൃശ്യ സുനാമി'യായി മാറുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം, സിയാറ്റിലെ പരിസ്ഥിതി സംഘടനയായ ബേസല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കാണ് (BAN) റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അമേരിക്കയില്‍ നിന്ന് ഏഷ്യയിലും മധ്യപൂര്വിലും 10 അമേരിക്കന്‍ കമ്പനികള്‍ ഇ-വെയ്സ്റ്റ് കടത്തുന്നതായി അന്വേഷണം കണ്ടെത്തി. 'ഇ-വെയ്സ്റ്റ് ബ്രോക്കറുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്പനികളാണ് ഇവ. അവര്‍ സ്വയം റിസൈക്കിള്‍ ചെയ്യാതെ, വികസ്വര രാജ്യങ്ങളിലെ കമ്പനികളിലേക്ക് അയക്കുന്നു. അമേരിക്കന്‍ പൊതുജനങ്ങളുടെയും കോര്‍പ്പറേറ്റ് ഐടി മേഖലകളുടേയും ഉപയോഗ്യശൂന്യമായ ഉപകരണങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിക്ഷേപിക്കുകയാണ്.
ജനുവരി 2023 മുതല്‍ ഫെബ്രുവരി 2025 വരെ ഈ 10 കമ്പനികളും 10,000-ത്തിലധികം കണ്ടെയ്നറുകള്‍ (മൂല്യം 10 ബില്യണ്‍ ഡോളറിന് മുകളില്‍) കടത്തിയെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. മാസം തോറും ഏകദേശം 2,000 കണ്ടെയ്നറുകള്‍ (33,000 മെട്രിക് ടണ്‍) ഉപയോഗിക്കപ്പെട്ട ഇലക്ട്രോണിക്സ് വസ്തുക്കള്‍ അമേരിക്കന്‍ തുറമുഖങ്ങളില്‍ നിന്ന് പുറത്തുപോകുന്നു എന്നാണ് കണക്ക്.
കടത്ത് കണ്ട്രോള് ചെയ്യാന്‍, ഷിപ്പ്മെന്റുകള്‍ 'കൊമോഡിറ്റി മെറ്റീരിയലുകള്‍' പോലുള്ള തെറ്റായ ട്രേഡ് കോഡുകളിലാണ് എത്തുന്നത്. അതായത്, റോ മെറ്റലുകള്‍ അല്ലെങ്കില്‍ റിസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കള്‍ എന്ന ലേബലില്‍ കടത്ത് നടക്കുന്നു.
Attan Recycling, Corporate eWaste Solutions (CEWS), Creative Metals Group, EDM, First America Metal Corp., GEM Iron and Metal Inc., Greenland Resource, IQA Metals, PPM Recycling, Semsotai എന്നിവയാണ് ആ കമ്പനികള്‍.
2022-ല്‍ ലോകമെമ്പാടുമുള്ള ഇ-വെയ്സ്റ്റ് 62 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു, 2030-ഓടെ 82 മില്യണ്‍ ടണ്ണായി വര്‍ധിക്കുമെന്ന് യുഎന്‍-ന്റെ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന് കണക്കാക്കുന്നത്. റിസൈക്ലിങ് നിരക്കിനെക്കാള്‍ അഞ്ച് ഇരട്ടി വേഗത്തിലാണ് വളര്‍ച്ച. ഏഷ്യ ലോകത്തിന്റെ ഏകദേശം പകുതി ഇ-വെയ്സ്റ്റ് ഉല്‍പ്പാദിപ്പിക്കുന്നു.
2017-ല്‍ ചൈന വെയ്സ്റ്റ് ഇറക്കുമതി നിരോധിച്ചതിനെ തുടര്‍ന്ന്, മലേഷ്യയിലാണ് ഇവ എത്തിക്കൊണ്ടിരുന്നത്. ചൈനീസ് കമ്പനികള്‍ ബിസിനസ് ബന്ധങ്ങള്‍ ഉപയോഗിച്ച് അനുമതികള്‍ നേടി പ്രവര്‍ത്തനങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് മാറ്റി. ഇന്തോനേഷ്യ, തായ്ലന്ഡ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്കും വെയ്സ്റ്റുകള് എത്തുന്നു.
ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇ-വെയ്സ്റ്റില്‍ ലെഡ്, കാഡ്മിയം, മര്‍ക്കുറി പോലുള്ള വിഷവസ്തുക്കള്‍ ഉണ്ട്. ഇവ പരിസ്ഥിതിയിലേക്ക് ചോരുന്നു. സ്ക്രാപ്പ്യാര്ഡുകളില് തൊഴിലാളികള്‍ കൈകൊണ്ടാണ് ഇവ പൊളിച്ചെടുക്കുകയോ കത്തിക്കുകയോ ചെയ്യുന്നത്.
അമേരിക്ക ഏഷ്യന്‍ രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന 'അദൃശ്യ സുനാമി' തടയാന്‍ അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണ്. BANന്റെ റിപ്പോര്‍ട്ട് കൃത്യമായി വിശകലനം ചെയ്ത് പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്.