ബിഹാറില്‍ സീതാക്ഷേത്രത്തിന് തറക്കല്ലിട്ട് അമിത് ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും

06:31 AM Aug 09, 2025 | Suchithra Sivadas

സീതാമര്‍ഹിയിലെ പുനൗര ധാമില്‍ മാതാ സീതാ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. ഒരു ലക്ഷത്തിലധികം ആളുകളുടെയും സന്യാസിമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അയല്‍രാജ്യമായ നേപ്പാളിലെ ജനക്പൂരില്‍ നിന്നുള്ളവരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ അഞ്ച് അടി ഉയരക്കുറവിലായിരിക്കും (156 അടി) നിര്‍മാണം. നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 882 കോടിയിലധികം രൂപ അനുവദിച്ചു. 67 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ നടപ്പാതകളും വിശാലമായ പൂന്തോട്ടവും ഇതില്‍ ഉള്‍പ്പെടുന്നു.