രാഷ്ട്രീയത്തില്‍ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള പദ്ധതികള്‍ വിവരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായും ആക്ടിവിസ്റ്റുകളുമായും സംവദിക്കുന്ന സഹ്കര്‍ സംവാദില്‍ വിരമിക്കല്‍ ജീവിതത്തെക്കുറിച്ച് അമിത് ഷാ മനസ്സുതുറന്നത്. വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവന്‍ വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കും വേണ്ടി സമര്‍പ്പിക്കാന്‍ തീരുമാനിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
അദ്ദേഹം കൃഷിയെക്കുറിച്ച് ഏറെ സംസാരിച്ചു. രാസവസ്തുക്കള്‍ ഉപയോഗിച്ച് വളര്‍ത്തുന്ന ഗോതമ്പ് കാന്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, തൈറോയ്ഡ് തകരാറുകള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞു.
രാസവളങ്ങള്‍ ഉപയോഗിച്ച് വളര്‍ത്തുന്ന ഗോതമ്പ് പലപ്പോഴും കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു. മുമ്പ് നമുക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. രാസവളങ്ങള്‍ ചേര്‍ക്കാത്ത ഭക്ഷണം കഴിച്ചാല്‍ മരുന്നുകളൊന്നും ആവശ്യമില്ലാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിദത്ത കൃഷി രോഗങ്ങള്‍ കുറയ്ക്കുക മാത്രമല്ല, വിള ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സ്വന്തം കൃഷിയിടത്തില്‍ ഞാന്‍ പ്രകൃതിദത്ത കൃഷിയാണ് ചെയ്യുന്നത്.
വിളവ് ഏകദേശം 1.5 മടങ്ങ് കൂടുതലാണ്. കനത്ത മഴ പെയ്യുമ്പോള്‍ സാധാരണയായി വെള്ളം കൃഷിയിടത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകും. എന്നാല്‍ ജൈവകൃഷിയില്‍ ഒരു തുള്ളി പോലും വെള്ളം പുറത്തേക്ക് പോകില്ല. അത് മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നു. കാരണം, പ്രകൃതിദത്ത കൃഷി ജലപാതകള്‍ രൂപപ്പെടാന്‍ അനുവദിക്കുന്നു. അമിതമായ രാസവളപ്രയോഗം ജലപാതകളെ നശിപ്പിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
മണ്ണിരകള്‍ പ്രകൃതിദത്ത വളങ്ങള്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ കൃത്രിമ വളങ്ങള്‍ അവയെ നശിപ്പിച്ചു. ഈ ജീവികള്‍ പ്രകൃതിയുടെ സ്വന്തം യൂറിയ, ഡിഎപി (ഡയമോണിയം ഫോസ്‌ഫേറ്റ്), എംപികെ (മോണോപൊട്ടാസ്യം ഫോസ്‌ഫേറ്റ്) എന്നിവയുടെ ഫാക്ടറികളാണെന്നും അമിത് ഷാ പറഞ്ഞു.