കിഴക്കന്‍ മുംബൈയില്‍ നായയുടെ ഉടമ മനഃപൂര്‍വം തുറന്നുവിട്ട പിറ്റ് ബുളിന്റെ കടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. മന്‍ഖുര്‍ദ് ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വീഡിയോയില്‍, ഭയന്നുവിറച്ച കുട്ടി ഒരു ഓട്ടോറിക്ഷയുടെ ഉള്ളില്‍ ഇരിക്കുന്നതും നായ അടുത്തായി ഇരിക്കുന്നതും കാണാം. നായയുടെ ഉടമ ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ഇരുന്ന് കുട്ടിയുടെ ഭയന്നുള്ള പ്രതികരണങ്ങള്‍ കണ്ട് ചിരിക്കുന്നുമുണ്ട്.
ഇയാള്‍ നായയെ പിടിച്ചിരുന്നില്ല. കുട്ടി നിലവിളിക്കുകയും നായ അവന്റെ താടിക്ക് ചാടിക്കടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പിറ്റ് ബുള്‍ കുട്ടിയുടെ വസ്ത്രങ്ങളില്‍ കടിച്ചുപിടിക്കുന്നതും ദൃശ്യങ്ങളുണ്ട്. വാഹനം വിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുട്ടിയുടെ പിന്നാലെ തന്റെ വളര്‍ത്തുനായ ഓടുന്നത് കണ്ട് ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
'നായ എന്നെ കടിച്ചു. ഞാന്‍ ഓടി രക്ഷപ്പെട്ടു. അത് എന്റെ വസ്ത്രങ്ങളില്‍ കടിച്ചുപിടിച്ചു, താന്‍ നായയുടെ ഉടമയോട് സഹായിക്കാന്‍ അപേക്ഷിച്ചെങ്കിലും അയാള്‍ ചിരിക്കുകയായിരുന്നു' എന്നും ആക്രമണത്തിന് ഇരയായ ഹംസ എന്ന കുട്ടി പറയുന്നു. തന്നെ ആരും സഹായിക്കാന്‍ വന്നില്ലെന്നും നായയുടെ അവര്‍ ആക്രമണം ചിത്രീകരിക്കുകയാണ് ചെയ്തതെന്നും വല്ലാതെ ഭയന്നുപോയെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍, കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ നായയുടെ ഉടമയായ മുഹമ്മദ് സുഹൈല്‍ ഹസനെതിരെ (43) പൊലീസ് കേസെടുത്തു. പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഉള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേര്‍ക്ക് ഹസന്‍ മനഃപൂര്‍വം നായയെ തുറന്നുവിടുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.