കളിയുടെ പിന്നാമ്പുറ ശക്തി ; സൂപ്പര്‍ ലീഗ് കേരളയില്‍ അനലിസ്റ്റുകള്‍ കളം നിറയുന്നു

04:32 PM Dec 10, 2025 | Neha Nair

കണ്ണൂര്‍ : യൂറോപ്യന്‍ ലീഗുകളില്‍ പരിചിതമായ അനലിസ്റ്റുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലും, പ്രത്യേകിച്ച് സൂപ്പര്‍ ലീഗ് കേരളയിലും ഇടംപിടിച്ചിരിക്കുകയാണ്. സൂപ്പര്‍ ലീഗ് കേരളയിലെ നാല് ക്ലബുകളില്‍ എതിരാളികളുടെ കളി ശൈലികള്‍, ദൗര്‍ബല്യങ്ങള്‍, കളിക്കാരുടെ പ്രകടനം, ഹീറ്റ് മാപ്പുകള്‍, ട്രാന്‍സിഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവ സിസ്റ്റമാറ്റിക് ആയി വിശകലനം ചെയ്യുന്നത് അനലിസ്റ്റുകളാണ്.  പാലക്കാട് കോട്ടായി സ്വദേശി കിരണ്‍ കെ നാരായണന്‍ (കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി), ഒഡീഷ അഭിനന്ദന്‍ മോഹന്‍ത (കാലിക്കറ്റ് എഫ്‌സി), കാസര്‍ഗോഡ് സ്വദേശിനി അഞ്ജിത (മലപ്പുറം എഫ്‌സി), ചെന്നൈ സ്വദേശിനി അനുഷ (തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി) എന്നിവരാണ് സൂപ്പര്‍ ലീഗ് കേരളയില്‍ വിവിധ ക്ലബുകളില്‍ അനലിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത്. 

ഇന്ത്യയില്‍ തന്നെ പരിചിതമായി വരുന്ന ഒരു പോസ്റ്റ് ആയതിനാല്‍ കേരളത്തില്‍ അനലിസ്റ്റ് കോഴ്‌സ് പഠിച്ചവര്‍ ചുരുക്കം പേര്‍ മാത്രമേ ഒള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എല്ലാ ക്ലബുകളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഐ ലീഗ് ക്ലബുകളില്‍ എല്ലാവരും അനലിസ്റ്റ് സൗകര്യം ഉപയോഗിക്കുന്നില്ല. 

ഇന്ത്യയില്‍ നിലവില്‍ അനലിസ്റ്റ് കോഴ്‌സുകള്‍ പഠിക്കാന്‍ സൗകര്യമില്ല. വിദേശ രാജ്യങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കുന്നത്. യുകെ., സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന്  ഒണ്‍ലൈനായോ ഓഫ് ലൈന്‍നായോ ആണ് കോഴ്‌സ് പഠിക്കാവുന്നതാണ്. ഫുട്‌ബോളുമായി ബന്ധപ്പെട്ട് ടെക്‌നിക്കല്‍ അറിവ്, ലക്ഷങ്ങള്‍ വില വരുന്ന സോഫ്റ്റ് വെയറുകളും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. 

Trending :

ഇന്ന് ഫുട്‌ബോളില്‍ ഒരു ടീം വിജയിക്കുന്നതിന്റെ പിന്നില്‍ സയന്റിഫിക് ആയ പ്ലാനിംങും റിയല്‍-ടൈം ഡാറ്റയുടെയും കൃത്യമായ ഉപയോഗവും ഒരു വലിയ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന് ഏറ്റവും നിര്‍ണായകമായ വിഭാഗങ്ങളില്‍ ഒന്നായി അനലിസ്റ്റുകള്‍ മാറിയിരിക്കുന്നത്. പരിശീലകരുടെ കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്ത നൂറുകണക്കിന് കാര്യങ്ങള്‍ വീഡിയോ അനാലിസിസിലൂടെ കണ്ടെത്താനാകും. ഒരു ടീമിന് ഗോളടിക്കുന്നതിനൊപ്പം പ്രതിരോധം ശക്തമാക്കാന്‍ വേണ്ട ടീമിലെ ചെറിയ മാറ്റങ്ങള്‍ പോലും അനലിസ്റ്റുകളുടെ ഡാറ്റയിലൂടെ വ്യക്തമാകുന്നു. കേരള ഫുട്‌ബോളും ഈ മാറ്റം ഏറ്റെടുക്കുന്ന ഘട്ടത്തിലാണ്. യുവ താരങ്ങളുടെ വളര്‍ച്ചയ്ക്കും മുതിര്‍ന്ന താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തല്‍തിനും അനലിസ്റ്റുകളുടെ പങ്ക് നിര്‍ണായകമാണ്.