അമരാവതി : ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം.
അയൽവാസികളാണ് പീഡനത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്. കുട്ടി ചൂടുവെള്ളത്തിൽ വീണെന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ചതവുകളും പരിശോധനയിൽ കണ്ടെത്തി. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ തുടരുകയാണ്.