വാളയാര്‍ കേസ്, അമ്മയും അച്ഛനും പറയുന്നതില്‍ വൈരുദ്ധ്യം, അന്നേ മനസിലായി സംഭവത്തിന്റെ കിടപ്പ്, സത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് എഡിറ്റര്‍ സമ്മതിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തക

04:40 PM Jan 10, 2025 | Raj C

കൊച്ചി: വാളയാര്‍ കേസില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടായിരുന്നെന്ന് മാധ്യമപ്രവര്‍ത്തക അപര്‍ണ സെന്‍. ഇരുവരേയും സിബിഐ കേസില്‍ പ്രതി ചേര്‍ത്തതോടെയാണ് അന്നത്തെ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന അപര്‍ണ വെളിപ്പെടുത്തല്‍ നടത്തിയത്. കേസില്‍ പ്രതികളെ വെറുതെ വിട്ടപ്പോള്‍ ഡോക്യുമെന്ററിക്കായി അവരുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, സംശയകരമായ പലതും ഉണ്ടായെന്ന് അപര്‍ണ പറയുന്നു.

അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റ്,

വാളയാര്‍ കേസിന്റെ അന്വേഷണം നീതിയുകതമായി പുരോഗമിയ്ക്കുന്നു എന്നതാണ് ഇപ്പോള്‍ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്നതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് . വാളയാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത് എങ്ങനെ എന്ന അന്വേഷണത്തിന്റെ ഭാഗം ആയാണ് ഞാനും ക്യാമറാമാന്‍ ആയിരുന്ന ഷമീറും കൂടി അന്ന് പാലക്കാടേക്ക് പുറപ്പെടുന്നത് . ഈ സംഭവത്തിന്റെ സത്യാവസ്ഥ ഒരു ഡോക്യുമെന്ററി ആക്കി പുറത്തു കൊണ്ട് വരണം എന്നതായിരുന്നു ഉദ്ദേശ്യം . ആദ്യം ഞങ്ങള്‍ എത്തിയത് സംഭവം നടന്ന ആ വീട്ടില്‍ തന്നെ ആണ് . കുട്ടികളുടെ അച്ഛനോടും അമ്മയോടും ഞങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . പക്ഷെ ആ നിമിഷം മുതല്‍ അവര്‍ പറയുന്നതിലെ വൈരുധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു , രണ്ടാമത്തെ കുട്ടി മരിച്ച് നില്‍ക്കുന്നത് ആദ്യം കണ്ടത് അമ്മയാണെന്ന് അച്ഛനും , അല്ല അത് കണ്ടത് അച്ഛന്‍ ആണെന്ന് അമ്മയും ഞങ്ങളോട് പറഞ്ഞു , അപ്പോള്‍ മുതല്‍ ഇതില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് തോന്നി തുടങ്ങിയിരുന്നു . അവരുടെ ബൈറ്റ് എടുത്ത് പുറത്തിറങ്ങി പരിസരം ഷൂട്ട് ചെയ്യുമ്പോള്‍ വലിയ ഇഞ്ചപ്പുല്ലുകള്‍ ഉള്ള ഇടത്താണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. ആ സമയം ഞങ്ങള്‍ അവിടെ ഉള്ളത് അറിയാതെ ആ 'അമ്മ ആരെയോ ഫോണ്‍ വിളിച്ച് ഞങ്ങള്‍ ചെന്ന കാര്യവും കുറെ ചോദ്യങ്ങള്‍ ചോദിച്ച കാര്യവും ഒക്കെ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുക ഉണ്ടായി , പെട്ടെന്ന് ക്യാമറാമാന്‍ എന്റെ പേര് വിളിച്ച സമയം അവര്‍ അവിടെ നിന്ന് വേഗം എഴുന്നേറ്റ് കോഴിയെ തിരക്കി വന്നതാണെന്ന് ഞങ്ങളോട് പറഞ്ഞു , ഞങ്ങള്‍ ഒന്നും പറയാതെ ചിരിച്ച് കൊണ്ട് അവിടെ നിന്ന് മടങ്ങി , പിന്നീട് ഞങ്ങള്‍ പോയത് അയല്‍വാസി ആയ അബ്ബാസിന്റെ അടുത്തേക്കാണ് , അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ആണ് ഞങ്ങള്‍ ആകെ ഞെട്ടിയത് , ഇളയ കുട്ടി പല ദിവസങ്ങളിലും രാത്രിയില്‍ ഈ വീട്ടില്‍ അഭയം തേടി ഇരുന്നുവെന്നും മിടുക്കി ആയ ഒരു മോള്‍ ആയിരുന്നു എന്നും പറഞ്ഞു ആ മനുഷ്യന്‍ വിതുമ്പുക ആയിരുന്നു , സ്‌കൂളിലും ഞങ്ങള്‍ പോയി , മൂത്തകുട്ടിക്ക് മാമന്മാര്‍ സമ്മാനങ്ങള്‍ കൊടുക്കാറുണ്ടെന്ന് മറ്റ് വിദ്യാര്‍ഥികളില്‍ നിന്ന് അറിഞ്ഞ ടീച്ചര്‍ അമ്മയെ വിളിച്ചെങ്കിലും അവര്‍ ടീച്ചറെ ആണ് കുറ്റപ്പെടുത്തിയത് . ഇങ്ങനെ ആകെ മൊത്തം കഥ തിരിഞ്ഞാണ് വരുന്നത് എന്ന് ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു , ഈ പറഞ്ഞതിന് ഉപോല്‍ബലകമായി സൗണ്ട് ബിറ്റുകള്‍ ( ടീച്ചറുടേത് ഒഴികെ ) ഇന്നും ഞാന്‍ സൂക്ഷിച്ച വച്ചിട്ടുണ്ട് , തിരികെ കൊച്ചിയില്‍ എത്തിയ ഞാന്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചത് പോലെ അല്ല എന്ന് എന്റെ ചീഫ് എഡിറ്ററോട് പറഞ്ഞപ്പോള്‍ പൊതുബോധത്തിന് എതിരായി ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ ചെയ്യേണ്ട എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് . അത് കൊണ്ട് തന്നെ ആ ബിറ്റുകള്‍ മൂടിവയ്ക്കപ്പെട്ടു . പകരം വളരെ പോളിഷ് ചെയ്ത ഒരു ഡോക്യുമെന്ററി ഞാന്‍ പുറത്തിറക്കി . അന്ന് വാളയാറില്‍ നിന്ന് പുറപ്പെട്ട ആ ദിവസം മുതല്‍ എന്റെയും ഷമീറിന്റെയും മനസ്സില്‍ ഉണ്ടായ  വിങ്ങലിനും സത്യം പൂര്‍ണ്ണമായും വിളിച്ച പറയാന്‍ കഴിയാതിരുന്ന കുറ്റബോധത്തിനും കൂടി ആണ് ഇന്ന് അവസാനം ആകുന്നത്

NB : പക്ഷെ എനിയ്ക്ക് കിട്ടിയ ബിറ്റുകള്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിക്കും എന്ന പറഞ്ഞു ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ആ സമയം അത് വാങ്ങുകയും അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തതായാണ് മനസ്സിലാക്കുന്നത്