വാട്‍സ്ആപ്പ് ഇനി ആപ്പിൾ വാച്ചിലും പ്രവർത്തിക്കും, ഐഫോൺ ഇല്ലെങ്കിലും ചാറ്റ് ചെയ്യാം

07:55 PM Nov 03, 2025 | Kavya Ramachandran

വാട്‍സ്ആപ്പ് ആപ്പിൾ വാച്ചിനായി ഒരു പുതിയ കമ്പാനിയൻ ആപ്പ് പരീക്ഷിക്കുന്നു. ഉപയോക്താക്കൾക്ക് വാച്ചിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ അയയ്ക്കാനും ചാറ്റുകൾ കാണാനും പ്രതികരിക്കാനും കഴിയും.

ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുമായി വാട്‍സ്ആപ്പ് എത്തിയിരിക്കുന്നു. ഇനി മുതൽ ഓരോ തവണയും ഫോൺ പോക്കറ്റിൽ നിന്നും പുറത്തെടുക്കാതെ തന്നെ നിങ്ങളുടെ ആപ്പിൾ വാച്ചിൽ നിന്ന് നേരിട്ട് വാട്‍സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. ഇതിനായി ആപ്പിൾ വാച്ചിൽ ഒരു കമ്പാനിയൻ ആപ്പ് വാട്‍സ്ആപ്പ് പരീക്ഷിച്ചു തുടങ്ങിയതായി ട്രാക്കറായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു .

 ഉപയോക്താക്കൾക്ക് അവരുടെ കൈത്തണ്ടയിൽ നിന്ന് നേരിട്ട് ചാറ്റുകളുമായി സംവദിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാം വഴി ഐഒഎസ് ബീറ്റ ടെസ്റ്റർമാർക്ക് നിലവിൽ ഈ ആപ്പ് ലഭ്യമാണ്. വെയറബിൾ മെസേജിംഗ് പ്രവർത്തനത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിത്.

ഈ ആപ്പ് ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് അവരുടെ വാട്‍സാപ്പ് ചാറ്റ് ലിസ്റ്റിലെ സന്ദേശങ്ങളും മീഡിയയും കാണാനും അറിയിപ്പിനായി കാത്തിരിക്കാതെ തന്നെ പുതിയ സന്ദേശങ്ങൾ അയയ്ക്കാനും മെസേജുകൾക്ക് ഇമോജികൾ ഉപയോഗിച്ച് പ്രതികരണങ്ങൾ അയയ്ക്കാനും അനുവദിക്കുന്നു. ആൻഡ്രോയിഡ് സ്‍മാർട്ട് വാച്ച് ഉപയോക്താക്കൾക്ക് കോളുകൾ കൈകാര്യം ചെയ്യാനും സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും വോയ്‌സ് നോട്ടുകൾ കേൾക്കാനും ഇതിനകം തന്നെ അനുവദിക്കുന്ന വിയർ ഓഎസ് (Wear OS) നുള്ള വാട്‍സ്ആപ്പിന്‍റെ മുൻ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

ആപ്പിൾ വാച്ചുമായുള്ള വാട്‍സാപ്പിന്‍റെ ഈ സംയോജനം പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിരിക്കും. അതായത് ഉപയോക്താക്കൾ അവരുടെ വാച്ചിലെ സന്ദേശങ്ങൾ ആക്‌സസ് ചെയ്യുന്നതിന് ക്യുആർ കോഡ് സ്‍കാൻ ചെയ്യേണ്ടതില്ല. ആപ്പിൾ വാച്ച് ഐഫോണുമായി ജോടിയാക്കുന്നിടത്തോളം ആപ്പ് ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യും. അതേസമയം ഈ കമ്പാനിയൻ ആപ്പ് ഒറ്റയ്ക്ക് പ്രവർത്തില്ല. അതായത് വാട്‍സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഒരു ഐഫോൺ ഇതിന് ആവശ്യമാണ്. എന്നാൽ നിലവിലെ നോട്ടിഫിക്കേഷൻ ഓൺലി അനുഭവവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ വാച്ചിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നിന്നും വലിയ പുരോഗതിയാണിത്. ചില ബീറ്റ ടെസ്റ്റർമാർക്ക് ഈ ആപ്പ് ലഭ്യമാണ്. വരും ആഴ്ചകളിൽ കൂടുതൽ ഉപകരണങ്ങളിൽ എത്താൻ സാധ്യതയുണ്ട്.