തൃശ്ശൂര്‍: ആരോഗ്യകാരണങ്ങളാല്‍ അവധി ആവശ്യപ്പെട്ടിട്ടും ലഭിക്കാതിരുന്ന പോലീസ് വകുപ്പിലെ താത്കാലിക ജീവനക്കാരന്‍ നാട്ടിലേക്ക് മടങ്ങുന്ന വഴി തീവണ്ടിയില്‍ കുഴഞ്ഞുവീണ് മരിച്ചു. അഴീക്കോട് തീരദേശ പോലീസ്സ്റ്റേഷനില്‍ 12 വര്‍ഷമായി സ്രാങ്കായി ജോലിചെയ്യുന്ന ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം സ്വദേശി ചെറിയമഠത്തില്‍ ഹരികുമാറാ(54)ണ് മരിച്ചത്. അതിര്‍ത്തിരക്ഷാസേനയില്‍നിന്ന് വിരമിച്ചതാണ്.
അസുഖം കാരണം രണ്ടു ദിവസമായി അവധിയായിരുന്ന ഹരികുമാര്‍ ഞായറാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഫോണില്‍ അവധി ആവശ്യപ്പെട്ടിട്ടും കിട്ടിയില്ലെന്ന് ഹരികുമാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നേരിട്ട് ആവശ്യപ്പെട്ടിട്ടും അവധി കിട്ടാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ബാഗും സാധനങ്ങളുമെടുത്ത് ജോലി മതിയാക്കിയ മട്ടില്‍ നാട്ടിലേക്കു മടങ്ങി.
കാലിന് നീരും നല്ല അവശതയും ഉണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസറെ നേരിട്ട് ഇത് ബോധിപ്പിച്ചാല്‍ അവധി കിട്ടുമെന്നായിരുന്നു വിശ്വാസം. എന്നാല്‍, അതുണ്ടായില്ല. തീവണ്ടി യാത്രക്കിടെ തുറവൂരില്‍ കുഴഞ്ഞുവീണു. മൃതദേഹം തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍.
ആരോപണവിധേയനായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. രമേഷിനെ മുന്‍പ് ജോലിചെയ്ത ചേര്‍പ്പ് സ്റ്റേഷനില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ അഴീക്കോട്ടേക്ക് സ്ഥലം മാറ്റിയതാണ്. തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പരിധിയിലാണ് അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍. അമ്മയുടെ ചികിത്സയ്ക്കുപോലും അവധി ലഭിച്ചില്ലെന്ന പരാതി പോലീസ് ഗ്രൂപ്പിലിട്ട് ഈയിടെയാണ് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
പരേതനായ ഗോപാലകൃഷ്ണന്‍നായരുടെയും രാധമ്മയുടെയും മകനാണ്. ഭാര്യ: വി. ഗീതാകുമാരി (ചെന്നിത്തല ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി). മക്കള്‍: ഹരിത, ഹര്‍ഷ. സംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍.