+

കെ.എസ്.യു വിദ്യാഭ്യാസ ബന്ദിൻ്റെ പേരിൽ ബഡ്സ് സ്കൂളിന് അവധി നൽകിയത് ചോദ്യം ചെയ്ത് സി.പി.എം കൗൺസിലർമാർ : അവധി നിർദ്ദേശം നൽകിയിട്ടില്ലെന്ന് തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ

വിദ്യാർഥി സംഘടനയായ കെ. എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിൻ്റെ പേരിൽ തളിപ്പറമ്പ് നഗരസഭയുടെ ബഡ്സ് സ്കൂളിന് അവധി നൽകിയ നടപടി കൗൺസിൽ യോഗത്തിൽ ചോദ്യം ചെയ്ത് സി.പി.എം കൗൺസിലർമാർ.തൃച്ചംബരം പട്ടപ്പാറയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിന് കഴിഞ്ഞ ദിവസം ചെയർപേഴ്സൺ അവധി നൽകാൻ നിർദ്ദേശം നൽകിയത് വിവാദമായിരുന്നു.

തളിപ്പറമ്പ്: വിദ്യാർഥി സംഘടനയായ കെ. എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിൻ്റെ പേരിൽ തളിപ്പറമ്പ് നഗരസഭയുടെ ബഡ്സ് സ്കൂളിന് അവധി നൽകിയ നടപടി കൗൺസിൽ യോഗത്തിൽ ചോദ്യം ചെയ്ത് സി.പി.എം കൗൺസിലർമാർ.തൃച്ചംബരം പട്ടപ്പാറയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിന് കഴിഞ്ഞ ദിവസം ചെയർപേഴ്സൺ അവധി നൽകാൻ നിർദ്ദേശം നൽകിയത് വിവാദമായിരുന്നു.

നഗരസഭയിലെ സി.പി.എം കൗൺസിലർമാരായ പി.വി വാസന്തിയും എം.പി സജീറയുമാണ് ചെയർപേഴ്സൺ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഞങ്ങൾ സ്കൂളിലെ കുട്ടികൾക്ക് ഫ്രൂട്സുമായി എത്തിയപ്പോഴാണ് സ്കൂൾ അടച്ചിട്ടതായി കണ്ടത്. തുടർന്ന് അന്വേഷിച്ചപ്പോൾ പ്രിൻസിപ്പൽ പറഞ്ഞത് ചെയർപേഴ്സൻ്റെ നിർദ്ദേശ പ്രകാരം ആണ് അവധി നൽകിയത് എന്നാണ്. ഇതിൻ്റെ മാനദണ്ഡം എന്താണ് എന്ന് വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സംഗതി വിഷയമാകുമെന്ന് മനസിലായതോടെ സ്കൂൾ തുറന്ന് ഹോം വിസിറ്റ് എന്ന് രേഖപ്പെടുത്താനും ശ്രമം നടത്തിയിട്ടുണ്ട്. രണ്ട് ഗുരുതര തെറ്റുകളാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒന്ന് മാനദണ്ഡം പാലിക്കാതെ അവധി നൽകി. തെറ്റ് മനസിലായപ്പോൾ രജിസ്റ്ററിൽ കൃത്രിമം കാണിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. ഇത് ന്യായീകരിക്കാൻ ആകില്ലെന്ന് സി.വി ഗിരീശൻ കൗൺസിലർ പറഞ്ഞു.

ഇതോടെ ഞാൻ സ്കൂളിന് അവധി നൽകാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിശദീകരിച്ചു. പ്രിൻസിപ്പലിനോട് ഇതുമായി വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അവർ കൗൺസിലിനെ അറിയിച്ചു.വിശദീകരണത്തിൽ തൃപ്തരാകാത്ത കൗൺസിലർമാർ ബഡ്സ് സ്കൂൾ നടത്തിപ്പിനെ ഭരണസമിതി ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ചു. സ്കൂളുമായി ബന്ധപ്പെട്ട വരവു ചെലവുകൾ സുതാര്യമായി കൈകാര്യം ചെയ്യാൻ ഒരു ബാങ്ക് അകൗണ്ട് തുടങ്ങാത്തത് ഇതിൻ്റെ തെളിവാണെന്നും അവർ പറഞ്ഞു.ചിലരെ നിങ്ങൾക്ക് പൊട്ടനാക്കാൻ പറ്റും, എന്നാൽ എല്ലാവരെയും പൊട്ടൻമാരാക്കാനാകില്ല. അവധി നൽകിയതിൽ കൃത്യ വിലോപം നടന്നിട്ടുണ്ട്. അത് അംഗീകരിക്കാനാകില്ലെന്നും മനുഷ്യത്വമുള്ളവർ അങ്ങിനെ ചെയ്യില്ലെന്നും ബി.ജെ.പി കൗൺസിലർ പി.വി സുരേഷും പ്രതികരിച്ചു.

facebook twitter