‘ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സം, മെസിയെ മാത്രം കൊണ്ടുവന്ന് റോഡ് ഷോ നടത്താൻ അല്ല പരിശ്രമിക്കുന്നത്’: മന്ത്രി വി അബ്ദുറഹ്മാൻ

02:12 PM Oct 25, 2025 | Kavya Ramachandran


ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.  മെസിയെ മാത്രം കൊണ്ടുവന്ന് റോഡ് ഷോ നടത്താൻ അല്ല പരിശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

സ്റ്റേഡിയത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ ആകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സ്പോൺസർ സ്റ്റേഡിയം നവീകരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.നവംബറിൽ തന്നെ ടീമിനെ കൊണ്ടുവരാൻ പരിശ്രമം തുടരുകയാണ്.

അതേസമയം, ഫിഫ അപ്രൂവൽ ലഭിക്കാത്തതിനാൽ, മെസിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ല എന്ന് സ്പോൺസർ അറിയിച്ചു. അപ്രൂവൽ ലഭിച്ചാൽ മത്സരം പിന്നീട് നടക്കും. കളി അടുത്ത വിൻഡോയിലേയ്ക്ക് മാറ്റിയതായി സ്പോൺസർ പറഞ്ഞു. അംഗോളയിൽ മാത്രമാണ് നവംബറിൽ അർജന്റീന കളിക്കുകയെന്ന് അവരുടെ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

“ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ എഫ് എയുമായുള്ള ചർച്ചയിൽ ധാരണ. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിൽ. പ്രഖ്യാപനം ഉടൻ” – സ്പോൺസർ ആന്‍റോ അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു.