അർജുൻ അശോകൻ നായകനായെത്തുന്ന 'പുതിയ ചിത്രം തലവര'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കേരളത്തിലാകമാനം 137 തിയേറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഓഗസ്റ്റ് 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ പാണ്ട എന്ന കഥാപാത്രമായി അർജുൻ അശോകനെത്തുമ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റേയും മൂവിംഗ് നരേറ്റീവ്സിന്റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.