മുംബൈ: സച്ചിന് തെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്ജുന് തെണ്ടുല്‍ക്കര്‍ വിവാഹിതനാവുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും ഇരുകുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത സാനിയ, മുംബൈയിലെ വ്യവസായ പ്രമുഖരായ ഘായ് കുടുംബാംഗമാണ്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍, പ്രശസ്ത ഐസ്ക്രീം ബ്രാന്‍ഡായ ബ്രൂക്ക്ലിന്‍ ക്രീമറി എന്നിവയുടെ ഉടമസ്ഥരാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം (കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം), സാനിയ ചന്ദോക്ക് മുംബൈ ആസ്ഥാനമായുള്ള മിസ്റ്റര്‍ പോസ് സ്പാ ആൻഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡെസിഗ്നേറ്റഡ് പാര്‍ട്ട്ണറും ഡയറക്ടറുമാണ്. ഇന്ത്യക്കു പുറമേ മിഡില്‍ ഈസ്റ്റിലടക്കം ഇവര്‍ക്ക് ഐസ്ക്രീം കമ്പനികളുണ്ട്. പെറ്റ് സ്പായുടെ ഉടമകൂടിയാണ് ഇവർ.
ഇരുപത്തഞ്ചുകാരനായ അര്ജുന് ഇടംകൈയന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയെ പ്രതിനിധാനം ചെയ്യുന്ന അര്ജുന്, ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍-19 ടീമിലും ഇടംനേടിയിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ 17 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 532 റണ്‍സ് നേടുകയും 37 വിക്കറ്റും നേടി.