കരിങ്കല്ലുപണിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

03:20 PM Feb 04, 2025 | AVANI MV

തൃശൂര്‍: കരിങ്കല്ലുപണിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പോഴങ്കാവ് മില്‍മ റോഡില്‍ താമസിക്കുന്ന കീഴോത്തു സാബിത് എന്ന കണ്ണനെയാണ് (40) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കരിങ്കല്ല് പണിക്കാരനായ സാബിത്, അമിത ലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് രാസ ലഹരിയുടെ വില്‍പ്പന തുടങ്ങിയത്. ഇയാള്‍ക്ക് കൈപ്പമംഗലം സ്റ്റേഷനില്‍ മയക്കുമരുന്ന് കേസ് ഉണ്ട്.

തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്  രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡാന്‍സാഫ് ടീം അംഗങ്ങളും സ്‌പെഷല്‍ ബ്രാഞ്ച് ഫീല്‍ഡ് സ്റ്റാഫും മതിലകം എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാബിതിനെ പിടികൂടിയത്.

പരിശോധന നടത്തിയതില്‍നിന്നും സാബിതില്‍നിന്ന് രണ്ടു ഗ്രാം വരുന്ന രാസലഹരി കണ്ടെത്തി. എസ്.ഐ. രമ്യ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പ്രൊബേഷന്‍ എസ്.ഐ.  സഹദ്, എ.എസ്.ഐ. പ്രജീഷ്, ലിജു, ജി .എസ്.സി.പി.ഒ. ബിജു, ജമാല്‍, നിഷാത്, ഷിബിന്‍ ജോണ്‍സന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സാബിത്തിനെ പിടികൂടിയത്.