ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ പ്രേക്ഷകർക്ക് മുന്നിലെത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസായെത്തും. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തിൽ ഫ്ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് ' സർക്കീട്ട്'. ആസിഫ് അലിയും ഒരു ബാലതാരവും തമ്മിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ, ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.