മുംബൈ: രാജ്യവ്യാപകമായി ലഹരിമരുന്ന് വിതരണം ചെയ്ത സംഘം പിടിയിൽ. മുംബൈ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇവരെ പിടികൂടിയത്. ആറ് പേരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് സംഘത്തിലെ ഭൂരിപക്ഷം പേരും.
നവി മുംബൈ സ്വദേശിയായ നവീൻ ചിച്കറാണ് സംഘത്തിലെ പ്രധാനി. ഇയാൾ ഇപ്പോൾ വിദേശത്താണ് ഉള്ളത്. ക്രിമിനൽ സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കിയ ഇയാൾ ലണ്ടനിൽ നിന്നും ഫിലിം ആൻഡ് ടെലിവിഷൻ കോഴ്സും പഠിച്ചിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.
വിദേശത്ത് തന്നെ താമസിക്കുന്നവരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ മറ്റ് മൂന്ന് പേർ. കൊക്കൈയ്ൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് ഇവർ പ്രധാനമായി വിറ്റിരുന്നത്. യു.എസിൽ നിന്നും എയർ കാർഗോ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. തുടർന്ന് മുംബൈയിൽ നിന്നും രാജ്യത്ത് മുഴുവൻ വിതരണം ചെയ്യുകയായിരുന്നു. ആസ്ട്രേലിയയിൽ നിന്നും ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നു.
മുംബൈയിലെ മയക്കുമരുന്ന് വിതരണത്തെ കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിൽ സംഘം വൻതോതിൽ മയക്കുമരുന്ന് വിറ്റിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഘത്തിൽ നിന്ന് 11.450 കിലോ ഗ്രാം കൊക്കെയ്നും പത്ത് കിലോയിൽ അധികം കഞ്ചാവും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തു. 1.60 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.