കോഴിക്കോട്: കോഴിക്കോട് പുനര്‍ വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ഇഷാനയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയുടെ കൂട്ടാളികളാണ് ഇപ്പോള്‍ പിടിയിലായത്. ഡോക്ടറില്‍ നിന്ന് തട്ടിയെടുത്തത് അഞ്ച് ലക്ഷത്തിലധികം രൂപയാണ്. തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറാണ് പരാതിക്കാരന്‍.
പുനര്‍ വിവാഹത്തിനായി ഡോക്ടര്‍ പത്രത്തില്‍ പരസ്യം നല്‍കി. കാസര്‍കോട് നിലേശ്വരം സ്വദേശിയായ ഇഷാന ഡോക്ടറുമായി പരിചയത്തിലായി. പിന്നാലെ വിവാഹം തീരുമാനിച്ചു. ഇഷാനക്ക് താമസിക്കാനായി കോഴിക്കോട് വീടെടുക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു, ഡോക്ടര്‍ അത് നല്‍കുകയും ചെയ്തു. ആ വീട് കാണാന്‍ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ളവ തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടത്.