അസമിൽ വൻ ലഹരിവേട്ട; 71 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടി

02:45 PM Apr 19, 2025 | AJANYA THACHAN

ദിസ്പൂർ : അസമിൽ  71 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 71 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും, മെത്താംഫെറ്റാമൈൻ ഗുളികകളും പിടിച്ചെടുത്തത്. 2,70,000 യാ ബാ ടാബ്ലറ്റ്, 520 ഗ്രാം ഹെറോയിൻ എന്നിവയാണ് കണ്ടെടുത്തത്.

വാഹനം ഓടിച്ച രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. നൂർ ഇസ്ലാം (34), നസ്രുൾ ഹുസൈൻ എന്ന അലി ഹുസൈൻ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാന പൊലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്ടിഎഫ്) വൻ ലഹരിവേട്ട നടത്തിയത്. 

പിടിച്ചെടുത്ത ട്രക്കിൽ നിന്ന് 67 കോടി രൂപ വിലമതിക്കുന്ന 2,70,000 യാബ ഗുളികകളും മറ്റൊരു ഹ്യുണ്ടായ് കാറിൽ നിന്നും 40 സോപ്പ് ബോക്സുകളിലായി 4 കോടി രൂപ വിലമതിക്കുന്ന 520 ഗ്രാം ഹെറോയിനുമാണ് എസ്ടിഎഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. എസ്‌ടി‌എഫ് മേധാവി പാർത്ഥസാരഥി മഹന്തയാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറ‍ഞ്ഞു.