ദുബായ്: 2025ലെ ഏഷ്യാ കപ്പ് ടി20 മത്സരത്തില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ശേഷം ഉടലെടുത്ത ഹാന്‍ഡ്ഷേക്ക് വിവാദം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ ടീമുമായി ഹാന്‍ഡ്ഷേക്ക് നടത്താന്‍ വിസമ്മതിച്ചതാണ് വിവാദത്തിന് അടിസ്ഥാനം. ഇതേതുടര്‍ന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇന്ത്യയ്‌ക്കെതിരെ ഔദ്യോഗിക പരാതി രജിസ്റ്റര്‍ ചെയ്തു. സംഭവം കായികമര്യാദയ്ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പാകിസ്താന്റെ നടപടി.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചിരുന്നു. മത്സരത്തിന് ശേഷം, ഇന്ത്യന്‍ ടീം ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍ പാകിസ്താന്‍ ടീമുമായി ഹാന്‍ഡ്ഷേക്ക് നടത്താന്‍ തയ്യാറായില്ല. മത്സരത്തിന്റെ ടോസിനിടയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി അഗയും പരസ്പരം ഹാന്‍ഡ്ഷേക്ക് ഒഴിവാക്കി. മത്സരശേഷം നടന്ന പോസ്റ്റ്-മാച്ച് പ്രസന്റേഷനില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആലി അഗ പങ്കെടുക്കാതിരുന്നതും വിവാദത്തിന് ആക്കം കൂട്ടി.
മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ടോസിന് മുമ്പ് തന്നെ സല്‍മാന്‍ അലി അഗയോട് സൂര്യകുമാറുമായി ഹാന്‍ഡ്ഷേക്ക് ചെയ്യേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി പാകിസ്താന്‍ ടീം മാനേജ്‌മെന്റ് ആരോപിക്കുന്നു. ഇതിനെതിരേയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) ഔദ്യോഗിക പരാതി നല്‍കി.
മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ്, ഈ തീരുമാനം ഭാരത സര്‍ക്കാരിന്റെയും ബിസിസിഐയുടെയും പിന്തുണയോടെയാണ് എടുത്തതെന്ന് വ്യക്തമാക്കി. 'ജീവിതത്തില്‍ ചില കാര്യങ്ങള്‍ കായികമര്യാദയ്ക്ക് മുകളിലാണ്,' സൂര്യ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഞങ്ങള്‍ ഈ വിജയം സമര്‍പ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയ ദൗത്യത്തില്‍ ധീരത പ്രകടിപ്പിച്ച നമ്മുടെ സായുധ സേനയ്ക്ക് വിജയം സമര്‍പ്പിക്കുന്നതായും സൂര്യ പറയുകയുണ്ടായി.
മത്സരത്തിന്റെ അവസാന ഓവറില്‍ സൂര്യകുമാര്‍ ഒരു സിക്‌സറോടെ വിജയം ഉറപ്പിച്ച ശേഷം, തന്റെ ബാറ്റിങ് പങ്കാളിയായ ശിവം ദുബെയുമായി മാത്രം ഹാന്‍ഡ്ഷേക്ക് ചെയ്ത് മൈതാനം വിടുകയായിരുന്നു. പാകിസ്താന്‍ ടീമിനെ അവഗണിച്ച ഈ നടപടിക്ക് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താന്‍ പരിശീലകന്‍ മൈക്ക് ഹെസ്സണ്‍, മത്സരശേഷം ഹാന്‍ഡ്ഷേക്കിനായി തങ്ങളുടെ ടീം തയ്യാറായിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ ടീം അത് ഒഴിവാക്കിയതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. ടോസിനിടെ ബ്രോഡ്കാസ്റ്റര്‍ രവി ശാസ്ത്രിയും സല്‍മാന്‍ അലി അഗയെ അവഗണിച്ചത് വിവാദത്തിനിടയാക്കി. സംഭവം ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.