ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ പ്രേക്ഷകർക്ക് മുന്നിലെത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസായെത്തും. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തിൽ ഫ്ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് ' സർക്കീട്ട്'. ആസിഫ് അലിയും ഒരു ബാലതാരവും തമ്മിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.