ഡൽഹി: ‘ഓപ്പറേഷൻ സർക്കാർ ചോരി’ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി ബിജെപി രംഗത്ത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പരിഹസിച്ച കേന്ദ്രമന്ത്രി കിരൺ റിജിജു, ഇതാണോ രാഹുൽ ഗാന്ധിയുടെ ‘ആറ്റംബോംബ്’? എന്ന് ചോദിച്ചു. തുടർച്ചയായ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ട് പട്ടികയുമായി ബന്ധപ്പെട്ട് നിയമപരമായ പരാതി നൽകാതെ രാഹുൽ ഗാന്ധി വെറുതെ കരയുകയാണെന്ന് കിരൺ റിജിജു പറഞ്ഞു. വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. പരാതിയുണ്ടെങ്കിൽ അത് അറിയിക്കാൻ വ്യവസ്ഥകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത് അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയ ശേഷം കോൺഗ്രസ് സ്ഥാനാർത്ഥികൾ തോൽവി ഭയക്കുകയാണ്. ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുകയാണ് മര്യാദ. ഹരിയാനയിലെ ഒരു കോൺഗ്രസ് നേതാവ് തന്നെ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് തോൽക്കുമെന്ന് പറഞ്ഞിരുന്നു. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച നേതാക്കൾ, പാർട്ടിയിലെ ആഭ്യന്തരപോര് വെളിപ്പെടുത്തിയിട്ടുണ്ട്. “രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു,” റിജിജു പരിഹസിച്ചു.