ഡൽഹി : ഇന്ത്യൻ സായുധ സേനയിലെ ജാതി-മത വിഭജനത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. സൈന്യം ഉയർന്ന ജാതിക്കാരായ ’10 ശതമാനം’ പേരുടെ നിയന്ത്രണത്തിലാണെന്ന രാഹുലിന്റെ ആരോപണം അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.
സൈന്യത്തിൽ സംവരണം ആവശ്യമില്ല
രാഹുൽ ഗാന്ധി പ്രതിരോധ സേനയിൽ സംവരണം ആവശ്യപ്പെട്ട് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. “സംവരണം ഉണ്ടായിരിക്കണം. ഞങ്ങൾ സംവരണത്തെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ സൈന്യത്തിൽ? നമ്മുടെ സൈനികർക്ക് ഒരൊറ്റ മതം മാത്രമേയുള്ളൂ, അത് സൈന്യധർമ്മമാണ്,” അദ്ദേഹം വ്യക്തമാക്കി. സായുധ സേനയെ വിഭജിക്കാൻ കോൺഗ്രസ് എം.പി. ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. “സൂക്ഷിച്ചു നോക്കിയാൽ രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും ദളിത്, മഹാദളിത്, പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് കാണാൻ കഴിയും. 90 ശതമാനം ജനങ്ങളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരാണ്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടിക എടുത്താൽ അതിൽ പിന്നാക്ക, ദലിത് വിഭാഗങ്ങളിൽ നിന്നുള്ള ഒരാളെയും നിങ്ങൾക്ക് കണ്ടെത്താനാവില്ല. അവരെല്ലാം ആ 10 ശതമാനം പേരിൽ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവർക്കാണ് ലഭിക്കുന്നത്. സായുധ സേനയുടെ മേലും അവർക്കാണ് നിയന്ത്രണം,” എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ബാക്കിയുള്ള 90 ശതമാനം ജനങ്ങൾക്കും അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ഇന്ത്യയാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം നമ്മുടെ സൈനികർ ധീരത പ്രകടിപ്പിച്ചതുകൊണ്ടാണ് ഇന്ത്യ തല ഉയർത്തി നിന്നതെന്നും രേഖാ ഗുപ്ത പറഞ്ഞു.