അതുല്യയുടെ മരണം; ഭർത്താവ് സതീഷ് എത്തിയത് ഇടക്കാല ജാമ്യം ലഭിച്ചതിനാല്‍

12:26 PM Aug 10, 2025 | Kavya Ramachandran

തിരുവനന്തപുരം: അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ജില്ലാ കോടതി സതീഷിന് ജാമ്യം അനുവദിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നത്. രണ്ടുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്‌ററ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി ഉത്തരവ്.

ഇന്ന് രാവിലെ ഷാർജയിൽനിന്നും തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.

അതുല്യ, സതീഷിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വരികയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സതീഷിനെതിരെ അതുല്യയുടെ സഹോദരി നൽകിയ പരാതിയിൽ ഷാർജയിലും അന്വേഷണം നടക്കുന്നുണ്ട്.