കറിയിൽ ഉപ്പ് കുറഞ്ഞുപോയെങ്കിൽ കുറച്ചുകൂടി ചേർത്തുകൊടുത്താൽ ശരിയാകും. എന്നാൽ ഉപ്പ് കൂടിപ്പോയാൽ എന്ത് ചെയ്യും? കറി കളയേണ്ടി വരും എന്ന് പറയാൻ വരട്ടെ, കറിയിലെ ഉപ്പിനെ ഒരു പരിധി വരെ കുറക്കാൻ സാധിക്കും. അതിന് ചില പൊടിക്കൈകൾ ഉണ്ട്.
ചിക്കൻ കറിയിലൊക്കെയാണ് ഉപ്പ് കൂടിയതെങ്കിൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി കറിയിൽ ചേർത്തുകൊടുക്കാം. ശേഷം ഒരു പതിനഞ്ച് മിനിട്ടെങ്കിലും തിളപ്പിക്കുക. കറിയിലെ ഉപ്പ് ഒരു പരിധിവരെ ഉരുളക്കിഴങ്ങ് വലിച്ചെടുക്കും. അരമണിക്കൂറിന് ശേഷം ഉരുളക്കിഴങ്ങ് കറിയിൽ നിന്ന് എടുത്ത് മാറ്റാം.
ചെറുതായിട്ടാണ് ഉപ്പ് കൂടിയതെങ്കിൽ കുറച്ച് പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്തുകൊടുക്കാം. അധികമാകരുത്. കറിയിൽ ഉപ്പ് കൂടിയാൽ കുറച്ച് ടൊമാറ്റോ സോസ് ചേർത്തുകൊടുക്കാം. അമിതമായിപ്പോകരുത്. ശേഷം കുറച്ചുസമയം തിളപ്പിക്കുക. അല്ലെങ്കിൽ തക്കാളി കഷ്ണങ്ങളാക്കി ചേർത്തുകൊടുത്ത് തിളപ്പിച്ചാലും മതി.
കറിയിൽ ഉപ്പുകൂടിയാൽ തേങ്ങാപ്പാൽ ചേർത്തുകൊടുക്കാം. തേങ്ങാപ്പാൽ ചേർക്കുന്നത് ചിക്കൻ അടക്കമുള്ള പല വിഭവങ്ങളുടെയും രുചി കൂടാനും സഹായിക്കും. തൈര് ചേർക്കാൻ സാധിക്കുന്ന കറികളാണെങ്കിൽ അൽപം ചേർത്തുകൊടുക്കാം. ഇത് ഉപ്പ് കുറയ്ക്കാൻ സഹായിക്കും.