+

നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് ജനവിധി അനുസരിച്ചല്ല : കെ.സി. വേണുഗോപാൽ

നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് ജനവിധി അനുസരിച്ചല്ല : കെ.സി. വേണുഗോപാൽ

ആലപ്പുഴ: ജനവിധി അനുസരിച്ചല്ല നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് വോട്ടർപട്ടികയിലെ കൃത്രിമം രാഹുൽ ഗാന്ധി തെളിവ് സഹിതം പുറത്തുവിട്ടതോടെ വ്യക്തമായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിലെ ക്രമക്കേട് കണ്ടെത്താൻ വ്യാപകമായ ഓഡിറ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡ്യ മുന്നണി സ്ഥാനാർഥികൾ 50,000 വോട്ടുകൾക്ക് പരാജയപ്പെട്ട 48 മണ്ഡലങ്ങളാണുള്ളത്. ഇവിടെയെല്ലാം വ്യാപകമായ പരിശോധന കോൺഗ്രസ് നടത്തും. വോട്ടർപട്ടികയിൽ ക്രമക്കേട് കാണിച്ചാണ് ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. അത് സംബന്ധിച്ച് രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകൾ ശരിവെക്കുകയാണ് മാധ്യമങ്ങളുടെ അന്വേഷണം. എന്നിട്ടും രാഹുൽ ഗാന്ധി രാജിവെയ്ക്കണമെന്നാണ് ബി.ജെ.പി പറയുന്നത്. ശരിയായ അന്വേഷണം നടത്തിയാൽ നരേന്ദ്ര മോദിയാണ് രാജിവെക്കേണ്ടത്.

അതിന് തയാറാകാതെ ആക്ഷേപം ഉന്നയിച്ച രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും തെരഞ്ഞെടുപ്പ് കമീഷൻ ഭീഷണിപ്പെടുത്തുകയാണ്. ക്രമക്കേട് സംബന്ധിച്ച് മറുപടി നൽകുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ പേടിപ്പിക്കാൻ നോക്കണ്ട. ശക്തമായ പോരാട്ടം കോൺഗ്രസ് തുടരും. ആഗസ്റ്റ് 11ന് ഡൽഹിയിൽ എം.പിമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നീതിപൂർവ്വവും നിഷ്പക്ഷവുമല്ല തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികളെന്ന് തെളിയിക്കപ്പെട്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കേരളത്തിലും വോട്ടർപട്ടികയിൽ വ്യാജ വോട്ടർമാരെ ചേർക്കുന്ന പ്രകിയ നടന്നിരുന്നു. തൃശ്ശൂരിലെ നടന്നത് ഗൗരവമേറിയ സംഭവമാണ്. അവിടെ ബി.ജെ.പി സ്ഥാനാർഥി ജയിക്കാനുണ്ടായ സാഹചര്യം നമുക്കറിയാം. താൻ മത്സരിച്ച ആലപ്പുഴ മണ്ഡലത്തിലും 35,000 ഇരട്ടവോട്ടുകൾ കണ്ടെത്തിയിരുന്നു. അത് ഹൈകോടതിക്ക് ബോധ്യപ്പെട്ടതാണെന്നും കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും കോൺഗ്രസ് വോട്ടർപട്ടികയിലെ കൃത്രിമം കണ്ടുപിടിക്കാൻ പരിശോധനകൾ നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

facebook twitter