ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനത്തിനെതിരെ പരോക്ഷമായി പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ വളർച്ചയുടെ വേഗത ചിലർക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മധ്യപ്രദേശിലെ റെയ്സനിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
അമേരിക്കൻ ഭരണകൂടത്തെ “സബ്കെ ബോസ്” (എല്ലാവരുടെയും ബോസ്) എന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിംഗ്, ട്രംപിൻ്റെ താരിഫ് ഭീഷണിയോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. “ഇന്ത്യ വികസിക്കുന്ന വേഗതയിൽ സന്തുഷ്ടരല്ലാത്ത ചിലരുണ്ട്. അവർക്ക് അത് ഇഷ്ടമല്ല. ‘സബ്കെ ബോസ് തോ ഹം ഹേ’ (ഞങ്ങളാണ് എല്ലാവരുടെയും ബോസ്), ഇന്ത്യ എങ്ങനെയാണ് ഇത്ര വേഗത്തിൽ വളരുന്നത്?” രാജ്നാഥ് സിംഗ് ചോദിച്ചു.
ഇന്ത്യയ്ക്ക് ലാഭമുണ്ടാക്കാൻ കഴിയാത്തവിധം, മറ്റ് രാജ്യങ്ങളിലെ പ്രാദേശിക ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിലയേറിയതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, “ലോകത്തിലെ ഒരു വലിയ ശക്തിയായി ഇന്ത്യ മാറുന്നത് തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
“ഇന്ത്യക്കാരുടെ കൈകളാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്തുക്കൾ ആ രാജ്യങ്ങളിൽ നിർമ്മിക്കുന്ന വസ്തുക്കളേക്കാൾ വിലയേറിയതാക്കാൻ പലരും ശ്രമിക്കുന്നു, അങ്ങനെ വസ്തുക്കൾ വിലയേറിയതാകുമ്പോൾ ലോകം അവ വാങ്ങില്ല. ഈ ശ്രമം നടക്കുന്നു. എന്നാൽ ഇന്ത്യ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്, ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ ലോകത്തിലെ ഒരു വലിയ ശക്തിയായി മാറുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്ന് ഞാൻ പൂർണ്ണ ആത്മവിശ്വാസത്തോടെ പറയുന്നു…” അദ്ദേഹം കൂട്ടിച്ചേർത്തു.