+

ട്രംപിന്റെ 50% തീരുവ വര്‍ദ്ധന ഉടന്‍ പ്രാബല്യത്തിലേക്ക്, ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഇനി ഈ വഴികള്‍ മാത്രം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ചതോടെ, മൊത്തം തീരുവ 50% ആയി ഉയരാന്‍ പോവുകയാണ്.

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ചതോടെ, മൊത്തം തീരുവ 50% ആയി ഉയരാന്‍ പോവുകയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞാണ് ഈ നടപടി. ഈ തീരുവ വര്‍ദ്ധന ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലേക്ക് 86.5 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഇന്ത്യയ്ക്ക്, അധിക തീരുവ വര്‍ദ്ധന സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ട്രംപിന്റെ തീരുവ മറികടക്കാന്‍ ഇന്ത്യയ്ക്ക് എന്തൊക്കെ ചെയ്യാനാകുമെന്നാണ് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

1. റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുക

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചാല്‍ തീരുവ വര്‍ദ്ധന ട്രംപ് ഒഴിവാക്കിയേക്കുമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയുടെ 40% എണ്ണ ആവശ്യവും റഷ്യയില്‍ നിന്നാണ്. ഇത് ഒറ്റയടിക്ക് കുറയ്ക്കുന്നത് ഊര്‍ജ സുരക്ഷയെ ബാധിക്കും. ഇന്ത്യ റഷ്യന്‍ ആയുധങ്ങളെയും എണ്ണയെയും ആശ്രയിക്കുന്നത് പൂര്‍ണമായി ഒഴിവാക്കല്‍ ബുദ്ധിമുട്ടാണ് എന്നാണ് വിലയിരുത്തല്‍.

2. മറ്റ് സഖ്യങ്ങള്‍ ശക്തിപ്പെടുത്തുക

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ അജയ് ശ്രീവാസ്തവയുടെ അഭിപ്രായത്തില്‍, ഈ നടപടി ഇന്ത്യയെ റഷ്യ, ചൈന, മറ്റ് രാജ്യങ്ങള്‍ എന്നിവയുമായി കൂടുതല്‍ അടുപ്പിക്കും. പ്രധാനമന്ത്രി മോദിയുടെ വരാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്ക് വേണ്ടിയുള്ള ചൈന സന്ദര്‍ശനം ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ചര്‍ച്ചകള്‍ക്ക് പുതിയ ഉണര്‍വ് നല്‍കിയേക്കാം.

3. കൃഷി, ഡയറി മേഖലകളില്‍ വിട്ടുവീഴ്ച

ഇന്ത്യ-അമേരിക്ക ദ്വിപക്ഷീയ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ കൃഷി, ഡയറി മേഖലകളിലെ അമേരിക്കന്‍ ആവശ്യങ്ങള്‍ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ മേഖലകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ ഒരു വ്യാപാര കരാര്‍ സാധ്യമാകുമെങ്കിലും, ഇത് ആഭ്യന്തര രാഷ്ട്രീയ വെല്ലുവിളികള്‍ ഉയര്‍ത്തും. കര്‍ഷകരുടെ ക്ഷേമം പരമപ്രധാനമാണ്, അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.

4. കയറ്റുമതിക്കാര്‍ക്ക് നേരിട്ടുള്ള പിന്തുണ

20,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യം സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. വാണിജ്യ, എംഎസ്എംഇ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന ഈ ദൗത്യം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരും. കയറ്റുമതി ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കുക, ഇന്ററസ്റ്റ് ഇക്വലൈസേഷന്‍ സ്‌കീം വിപുലീകരിക്കുക, ടെസ്റ്റിംഗ് ചാര്‍ജുകള്‍ കുറയ്ക്കുക, എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍.

5. പ്രതികാര ചുങ്കം

ബാര്‍ക്ലേസ് റിസര്‍ച്ചിന്റെ അഭിപ്രായത്തില്‍, 2019ല്‍ അമേരിക്കന്‍ ഉരുക്ക്, അലുമിനിയം തീരുവകള്‍ക്ക് പ്രതികാരമായി ഇന്ത്യ 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം പ്രതികാര നടപടികള്‍ സാധ്യമാണ്. എന്നാല്‍, ഇത് വ്യാപാര യുദ്ധത്തിലേക്ക് നയിച്ചേക്കാം.

6. വിപണി വൈവിധ്യവല്‍ക്കരണം

അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍, ഇന്ത്യ യുകെ, യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉപയോഗപ്പെടുത്താനാണ് ശ്രമം.

50% തീരുവ 8 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ടെക്‌സ്‌റ്റൈല്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയെ ബാധിക്കും. ഇത് ജിഡിപിയില്‍ 0.2-0.4% ഇടിവ് വരുത്തിയേക്കാം. വളര്‍ച്ച 6%ന് താഴെയാകാം. എന്നാല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ഐടി, ഇലക്ട്രോണിക്‌സ് മേഖലകള്‍ക്ക് ഇളവുകള്‍ ഉള്ളതിനാല്‍ ആഘാതം പരിമിതമായേക്കമെന്നും നിഗമനമുണ്ട്.

ഓഗസ്റ്റ് 25ന് അമേരിക്കന്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി ഒരു സംഘം ഇന്ത്യയിലെത്താനിരിക്കെ, അടുത്ത 20 ദിവസം നിര്‍ണായകമാണ്. ട്രംപ് വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും, ഉന്നതതല നയതന്ത്രത്തിലൂടെ ഒരു കരാറിന് സാധ്യതയുണ്ട്. ഇന്ത്യയുടെ പ്രതികരണം സമ്പദ്വ്യവസ്ഥയുടെ ഭാവിയെ നിര്‍ണയിക്കും.

facebook twitter