
വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ നയം യു.എസിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടന്റെ മുന്നറിയിപ്പ്. ഇന്ത്യയെ റഷ്യയ്ക്കും ചൈനയ്ക്കും അടുപ്പിക്കുന്ന ഈ നടപടി, ദശകങ്ങളായുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2025 ഓഗസ്റ്റ് 7 മുതല്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് 50 ശതമാനമായി ഉയര്‍ത്തി. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയാണ് ഈ നടപടിക്ക് കാരണമായി വൈറ്റ് ഹൗസ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, തീരുവ റഷ്യയെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം ഇന്ത്യയെ മോസ്‌കോയ്ക്കും ബീജിംഗിനും അടുപ്പിക്കുമെന്ന് ബോള്‍ട്ടന്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
റഷ്യയെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ച തീരുവ, ഇന്ത്യയെ റഷ്യയോടും ചൈനയോടും അടുപ്പിക്കുകയാണ്. ഇത് യു.എസിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്ക് വിനാശകരമാകുമെന്ന് ബോള്‍ട്ടന്‍ അഭിപ്രായപ്പെട്ടു.
ട്രംപിന്റെ തീരുവ ഭീഷണി, ഇന്ത്യയെയും ചൈനയെയും റഷ്യയെയും ഒരു പൊതുവേദിയില്‍ അണിനിരത്തുന്നതിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യ-ഇന്ത്യ-ചൈന ത്രികക്ഷി, പാശ്ചാത്യ ഏകപക്ഷീയതയ്‌ക്കെതിരെ ഒരു ബഹുമുഖ ലോകക്രമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ കൂട്ടായ്മയാണ്. ഈ സഖ്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയും ചൈനയും സജീവമായി നടത്തുന്നുണ്ട്.
2025 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് ആകാംഷയോടെയാണ് ലോക നേതാക്കള്‍ ഉറ്റുനോക്കുന്നത്. ഈ സന്ദര്‍ശനം, 2020ലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിനുശേഷം തകര്‍ന്ന ഇന്ത്യ-ചൈന ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കണക്കാക്കപ്പെടുന്നു.
ചൈനയോട് ട്രംപ് കാണിക്കുന്ന ''സൗമ്യത''യും ഇന്ത്യയോടുള്ള കടുത്ത നിലപാടും, യു.എസിന്റെ ദീര്‍ഘകാല തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുമെന്ന് ബോള്‍ട്ടന്‍ ദി ഹില്ലിനായി എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുന്‍ യു.എസ്. വാണിജ്യ ഉദ്യോഗസ്ഥനായ ക്രിസ്റ്റഫര്‍ പഡില്ലയും തീരുവകള്‍ യു.എസ്.-ഇന്ത്യ ബന്ധത്തിന് ദീര്‍ഘകാല നാശം വരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യ യു.എസിനെ ഒരു വിശ്വസനീയ പങ്കാളിയായി കാണുന്നത് പുനര്‍വിചിന്തനം ചെയ്യാന്‍ ഇത് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവും, ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിന്റെ മോസ്‌കോ യാത്രയും, സഖ്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയേക്കാം. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.