ഹൈദരാബാദ്: മഹേഷ് ബാബുവിന്റെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്.എസ്.എം.ബി 29 നെക്കുറിച്ചുള്ള എസ്.എസ്. രാജമൗലിയുടെ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ.എന്നാൽ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് രാജമൗലിയുടെ ക്ഷമാപണ കുറിപ്പാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. 'ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട സിനിമാപ്രേമികളേ, മഹേഷിന്റെ ആരാധകരേ, ഞങ്ങൾ ഷൂട്ടിങ് ആരംഭിച്ചിട്ട് കുറച്ച് കാലമായി, ചിത്രത്തെക്കുറിച്ച് അറിയാനുള്ള നിങ്ങളുടെ ആകാംക്ഷയെ ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നാൽ ഈ സിനിമയുടെ കഥയും വ്യാപ്തിയും വളരെ വലുതാണ്. വെറും ചിത്രങ്ങൾക്കോ പത്രസമ്മേളനങ്ങനങ്ങൾക്കോ അതിനോട് നീതി പുലർത്താൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു' -എന്ന് അദ്ദേഹം കുറിച്ചു.
സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് 2025 നവംബറിൽ ഉണ്ടാകുമെന്നും അതിനെ ഇതിനുമുമ്പ് ഒരിക്കലും കാണാത്ത തരത്തിലെ വെളിപ്പെടുത്തലാക്കി മാറ്റാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സ്നേഹത്തിന് നന്ദിയെന്ന് മഹേഷ് ബാബുവും പ്രതികരിച്ചു. എല്ലാവരെയും പോലെ താനും 2025 നവംബറിലെ അപ്ഡറ്റ് ആസ്വദിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താൽക്കാലികമായി എസ്.എസ്.എം.ബി 29 എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രം മഹേഷ് ബാബുവും രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുന്നത്. നിർമാണ പ്രവർത്തനങ്ങളിലും നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിപുലമായ ഒരു അന്താരാഷ്ട്ര ഷെഡ്യൂളിനായി ലൊക്കേഷനുകൾ തിരയുന്നതിലും ടീം ഇപ്പോൾ തിരക്കിലാണ്