‘ഹൃദയപൂർവ്വത്തെ ഹൃദയത്തോട് ചേർത്തുവെച്ച പ്രേക്ഷകർക്ക് നന്ദി’; മോഹൻലാൽ

08:34 PM Sep 01, 2025 | Kavya Ramachandran

 ‘ഹൃദയപൂർവ്വം’ എന്ന പുതിയ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ചുകൊണ്ട് മോഹൻലാൽ തന്നെ രംഗത്തെത്തി.”പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയം കൊണ്ട് ‘ഹൃദയപൂർവ്വത്തെ’ സ്വീകരിച്ചു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം,” മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

നിലവിൽ യു.എസിലുള്ള താരം അവിടെ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും അറിയിച്ചു. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച ഈ സിനിമയെ വിജയിപ്പിച്ച എല്ലാ പ്രേക്ഷകർക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.

അഖിൽ സത്യൻ്റെ കഥയിൽ സോനു ടി.പി. തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം മാളവിക മോഹനൻ, സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നു. കൂടാതെ അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫും മീര ജാസ്മിനും പ്രേക്ഷകർക്ക് സർപ്രൈസായി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകിയ ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ചു.

ഈ ഓണക്കാലത്ത് ‘ഹൃദയപൂർവ്വം’ സമ്മാനിച്ച വിജയം മോഹൻലാലും സത്യൻ അന്തിക്കാടും തമ്മിലുള്ള ആത്മബന്ധത്തിനും അവരുടെ കലാപരമായ പ്രതിബദ്ധതയ്ക്കും ഒരു സാക്ഷ്യം കൂടിയാണ്. പ്രേക്ഷകരെ ഹൃദയപൂർവ്വം സ്നേഹിക്കുന്ന മോഹൻലാൽ എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ടാണ് തന്റെ വീഡിയോ അവസാനിപ്പിച്ചത്