ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വീണ്ടും അധികാരത്തിലേക്ക്

06:49 AM May 04, 2025 |


പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മികച്ച ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേക്ക്. 21 വര്‍ഷത്തിനു ശേഷമാണു ഓസ്ട്രേലിയയില്‍ ഒരു പ്രധാനമന്ത്രിക്ക് ജനം അധികാരത്തുടര്‍ച്ച നല്‍കുന്നത്. 150 അംഗ പാര്‍ലമെന്റില്‍ അല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടി എണ്‍പത്തഞ്ചിലേറെ സീറ്റുകളാണ് നേടിയത്. പീറ്റര്‍ ഡറ്റന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യത്തിന് കനത്ത തിരിച്ചടി ആണ് ഉണ്ടായത്. അദ്ദേഹത്തിന്റെ മുന്നണി വെറും 35 സീറ്റുകളില്‍ ഒതുങ്ങി. 

നയങ്ങളുടെ കാര്യത്തില്‍ ഡോണള്‍ഡ് ട്രംപിനോട് സാമ്യമുളള നേതാവാണ് പീറ്റര്‍ ഡറ്റന്‍. കടുത്ത യാഥാസ്ഥിതികത, അഭയാര്‍ത്ഥികളെ വിദേശ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കണം എന്ന നിലപാട്, കുടിയേറ്റക്കാരോടുള്ള എതിര്‍പ്പ്, കടുത്ത ചൈനീസ് വിരുദ്ധത എന്നിവയില്‍ എല്ലാം ട്രംപിന്റെ അതെ നിലപാട് ആയിരുന്നു പീറ്റര്‍ ഡറ്റന്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയന്‍ ജനത ഡറ്റന് കനത്ത തിരിച്ചടി നല്‍കി. അമേരിക്കയില്‍ ഇപ്പോള്‍ ട്രംപ് ചെയ്തുകൂട്ടുന്നത് സ്വന്തം രാജ്യത്ത് ഉണ്ടാകാന്‍ ഓസ്ട്രേലിയന്‍ ജനത ആഗ്രഹിച്ചില്ല. 

ട്രംപ് ഉയര്‍ത്തുന്ന ആഗോള വ്യാപാര ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍, ഉയരുന്ന ജീവിത ചെലവും സാമ്പത്തിക സ്ഥിതിയും ആയിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഇക്കാര്യങ്ങളില്‍ ആന്തണി ആല്‍ബനീസിന്റെ യുക്തിസഹമായ നിലപാടുകള്‍ ജനം അംഗീകരിച്ചത് ആണ് ഓസ്ട്രേലിയയില്‍ കണ്ടത്. മികച്ച ആരോഗ്യ സൗകര്യങ്ങളും ജീവിത സാഹചര്യവും ജനങ്ങള്‍ക്ക് നല്‍കുമെന്ന് വിജയം അറിഞ്ഞ ശേഷം ആന്റണി അല്‍ബനീസ് പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങളുടെ കാലത്ത് ഓസ്ട്രേലിയന്‍ ജനത ശുഭപ്രതീക്ഷയ്ക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.