ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍; 33 തൊഴിലാളികളെ രക്ഷപ്പെടുത്തി, 22 പേര്‍ കുടുങ്ങിക്കിടക്കുന്നു

07:13 AM Mar 01, 2025 | Suchithra Sivadas

ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 33 തൊഴിലാളികളെ രക്ഷപ്പെടുത്തി. 22 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഞ്ഞു വീഴ്ചയും മഴയും രക്ഷ പ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.


ക്യാമ്പില്‍ 55 ബിആര്‍ഒ തൊഴിലാളികളാണ് ഉണ്ടായിരുന്നത് എന്നും രണ്ടു പേര്‍ അവധിയില്‍ ആയിരുന്നു എന്നും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ പറഞ്ഞു. ഐടിബിപി, ഗര്‍വാള്‍ സ്‌കൗട്ടുകള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പരുക്കേറ്റവരെ മനയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചു.

വെള്ളിയാഴ്ച രാവിലെയാണ് ഉത്തരാഖണ്ഡിലെ മനയ്ക്കും ബദരീനാഥിനും ഇടയിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബി ആ ര്‍ഒ) തൊഴിലാളി ക്യാമ്പിലേക്ക് രൂക്ഷമായ മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ബദരീനാഥ് ധാമില്‍ നിന്ന് 52 ??കിലോമീറ്റര്‍ വടക്കും ഡെറാഡൂണില്‍ നിന്ന് 310 കിലോമീറ്ററിലധികം അകലെയുമായ സ്ഥിതി ചെയ്യുന്ന മേഖലയാണ് മന പാസ്.