മികച്ച ചിത്രമടക്കം അവാർഡുകൾ തൂക്കിയ ‘മഞ്ഞുമൽ ബോയ്സ്

07:30 PM Nov 04, 2025 | Kavya Ramachandran


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഒമ്പത് അവാർഡുകൾ നേടി മഞ്ഞുമൽ ബോയ്സ്. കുട്ടേട്ടനെയും പിള്ളേരേയും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലൂസ് അടിക്കടാ എന്ന ഒറ്റ വാചകവും ഗുണാകേവിന്‍റെ നിഗൂഡതയും ഒറ്റയടിക്കാണ് ഹിറ്റടിച്ചത്. മികച്ച ചിത്രം, സംവിധായകന്‍-ചിദംബരം, തിരക്കഥാകൃത്ത്-ചിദംബരം, ഛായാഗ്രഹണം-ഷൈജു ഖാലിദ്, സ്വഭാവ നടന്‍-സൗബിന്‍, സംഗീത സംവിധയകൻ-സുഷിൻ ശ്യാം, ശബ്ദരൂപകല്‍പന-ഷിജിൻ മെൽവിൻ, കലാസംവിധായകൻ-അജയൻ ചാലിശേരി, ഗാനരചയിതാവ് വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം) എന്നിങ്ങനെ ഒമ്പത് അവാർഡാണ് ചിത്രം വാരിക്കൂട്ടിയത്. ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോള ബോക്സ് ഓഫിസിൽ 200 കോടി നേടി കടന്നിരുന്നു.

ജാൻ-എ-മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സ് 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളിൽ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി പുറത്തുവിട്ട 2024ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിൽ ആദ്യത്തെ പത്ത് ചിത്രങ്ങളിൽ മഞ്ഞുമ്മൽ ബോയ്സും ഇടം നേടിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്.

Trending :

കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുമ്പിൽ എത്തിയത്. പ്രാ​ഥ​മി​ക ജൂ​റി വി​ല​യി​രു​ത്തി​യ​ശേ​ഷം തി​ര​ഞ്ഞെ​ടു​ത്ത 38 ചി​ത്ര​ങ്ങ​ളാ​ണ് അ​ന്തി​മ ജൂ​റി പ​രി​ഗ​ണി​ച്ച​ത്.