ഡൽഹി : അയ്യപ്പ സംഗമം ധൂർത്താണെന്ന വി മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കെ കെ ശൈലജ. ചിലരുടെ തനിനിറം വ്യക്തമാകുന്നുവെന്ന് കെ കെ ശൈലജ വിമർശിച്ചു. അയ്യപ്പ സംഗമത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടതെന്നും ശൈലജ കൂട്ടിച്ചേർത്തു. ശബരിമല അന്താരാഷ്ട്ര പ്രസക്തിയുള്ള തീർത്ഥാടന കേന്ദ്രമാകുകയാണ്. സർക്കാർ ഉദ്ദേശം യാതൊരു വിവേചനവും ഇല്ലാതെ എല്ലാ സൗകര്യങ്ങളും ഒരുക്കി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കെ കെ ശൈലജ കൂട്ടിച്ചേർത്തു.
അയ്യപ്പ സംഗമത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്. ശബരിമലയുടെ എല്ലാ ശാലീനതയും നിലനിർത്തിയാണ് മുന്നോട്ടുപോക്ക്. വലിയ പിന്തുണ ഇക്കാര്യത്തിൽ ലഭിക്കുന്നുണ്ട്. ഇതിൽ എന്താണ് ധൂർത്തായി കാണുന്നതെന്ന് കെ കെ ശൈലജ ചോദിച്ചു. സർക്കാരും ദേവസ്വം വകുപ്പ് മന്ത്രിയും അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി. നിരവധി പേർ സംഭാവന നൽകാൻ തയ്യാറാണ്. അത്തരം നല്ല മനസ്സുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ശബരിമലയെ ശക്തിപ്പെടുത്താനാണ് ശ്രമം. ഹൈക്കോടതി തന്നെ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.