കല്യാശേരി:ചെറുകുന്ന് പഞ്ചായത്തിലെ കൊവ്വപ്പുറം - ഇട്ടമ്മൽ അങ്കണവാടി പാലം എം വിജിൻ എംഎൽഎ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളുടെയും പ്രദേശത്തെ നാല്പതോളം കുടുംബങ്ങളുടെയും യാത്രാ ക്ലേശത്തിന് പരിഹാരമായി.
വലിയ വാഹനങ്ങൾക്കും സുഗമമായി പോകാൻ സാധിക്കുന്ന നിലയിലാണ് 5.70 മീറ്റര്‍ നീളത്തിലും 5.30 മീറ്റര്‍ വീതിയിലും പുതിയ പാലം നിർമിച്ചത്. നേരത്തെ ചെറിയൊരു നടപ്പാലം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.
ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.നിഷ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ, സി.എച്ച് പ്രദീപ് കുമാർ, കെ.വി അജേഷ്, പി.എൽ ബേബി, കെ.മോഹനൻ, ഒ.വി പവിത്രൻ എന്നിവർ സംസാരിച്ചു.