കണ്ണൂർ : അഴീക്കോട് ഗ്രാമപഞ്ചായത്തിലെ അഴീക്കോട് നോർത്ത് വില്ലേജിൽ ആരംഭിക്കുന്ന മലബാർ ഇന്റർനാഷണൽ പോർട്ട് (ഒന്നാംഘട്ടം) പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ പൊതുതെളിവെടുപ്പ് നടത്തി. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, നാൽപതോളം പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
4.65 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള വാർഷിക ശേഷിയാണ് നിർദിഷ്ട ഒന്നാംഘട്ട പദ്ധതിക്ക് കണക്കാക്കുന്നത്. അതിനാൽ ഇഐഒ 2006 ജനുവരിയിലെ വിജ്ഞാപന പ്രകാരം പദ്ധതി ബി വിഭാഗത്തിൽ വരും. അതിനാൽ പദ്ധതിക്ക് സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റിയിൽ (എസ്ഇഐഎഎ) നിന്നും മുൻകൂർ പാരിസ്ഥിതി അനുമതി ആവശ്യമാണ്. ഇഐഎ വിജ്ഞാപനം അനുസരിച്ച് പാരിസ്ഥിതിക അനുമതി ലഭിക്കുന്ന പ്രക്രിയയുടെ ഭാഗമായിട്ടാണ് പൊതുതെളിവെടുപ്പ് നടത്തിയത്.
മലബാർ ഇൻറർനാഷണൽ പോർട്ട് എംഡി ആൻഡ് സിഇഒ രാധാകൃഷ്ണൻ ലക്ഷ്മൺ, ടെക്‌നിക്കൽ കൺസൾട്ടന്റ് കാർത്തികേയൻ എന്നിവർ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകി.തെളിവെടുപ്പിൽ കണ്ണൂർ എഡിഎം സി. പദ്മചന്ദ്ര കുറുപ്പ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കോഴിക്കോട് മേഖലാ കാര്യാലയം ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ സിന്ധു രാധാകൃഷ്ണൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർ ശബ്‌ന കുഷേ ശേഖർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന്റെ കരട് എൻവയോൺമെന്റൽ കൺസൽട്ടൻസിയായ കിറ്റ്‌കോയുടെ എൻവയോൺമെന്റൽ എക്‌സ്‌പേർട്ട് വിനോദ്കുമാർ വിശദീകരിച്ചു.