+

കണ്ണൂർ ജില്ലയിൽ ഉയര്‍ന്ന താപനില : പരീക്ഷ ഹാളുകളില്‍ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം

ജില്ലയില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉഷ്ണകാല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താൻ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

കണ്ണൂർ : ജില്ലയില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉഷ്ണകാല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താൻ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകളുടെ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. പരീക്ഷ ഹാളുകളില്‍ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പ് വരുത്തണം. വേനല്‍ അവധി സമയങ്ങളില്‍ അത്യാവശ്യമെങ്കില്‍ മാത്രം സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തുക, താപനിലയ്ക്കനുസരിച്ച് സമയക്രമം (11 മണി മുതല്‍ 3 മണി വരെ ഒഴികെ) പുന:ക്രമീകരിക്കണം. എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളില്‍ ഫാനുകളും, കൃത്യമായ വായു സഞ്ചാരവും  ഉറപ്പുവരുത്തണം. ചൂട് കാഠിന്യമേറിയ സമയങ്ങളില്‍ ട്യൂഷന്‍ ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നടത്താതിരിക്കുക.  

വിദ്യാര്‍ത്ഥികളുടെ യാത്ര ഈ സമയങ്ങളില്‍ പരമാവധി ഒഴിവാക്കുകയും ചെയ്യണം. 'വാട്ടര്‍ ബെല്‍' സമ്പ്രദായം മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണം. സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കണം. വിദഗ്ധരുടെ നിര്‍ദേശം പരിഗണിച്ച് വിദ്യാര്‍ഥികളില്‍ യൂണിഫോമുകളില്‍ ഷൂസ്, സോക്‌സ്, ടൈ തുടങ്ങിയവയില്‍ ഇളവ് നല്‍കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ട്രൈബല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കണമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ വികസന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

വേനല്‍ക്കാല ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള ഹ്രസ്വകാല, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. കുടിവെള്ളക്ഷാമം നേരിടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടപ്പിലാക്കണം. ജില്ലയിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ 'റാപിഡ് ഫയര്‍ സേഫ്റ്റി ഓഡിറ്റ് സമയബന്ധിതമായി നടപ്പിലാക്കി സുരക്ഷ ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ഹെല്‍ത്ത് സെന്ററുകളിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക്  വേനല്‍ക്കാല രോഗങ്ങളെ കുറിച്ചുള്ള ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കണം. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് തൊഴിലാളികളിലേക്ക് ഉഷ്തരംഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എത്തിക്കണമെന്ന് ലേബര്‍ ഓഫീസിന് നിര്‍ദേശം നല്‍കി. ജോലിസ്ഥലങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തണം.

അതിഥി തൊഴിലാളികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇതര ഭാഷകളില്‍ ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജലക്ഷാമം രൂക്ഷമായ അനുഭവപ്പെടുന്ന പ്രദേശങ്ങള്‍, കൃഷിയിടങ്ങള്‍ കണ്ടെത്തണമെന്ന് കൃഷിവകുപ്പിനോട് നിര്‍ദേശിച്ചു. ജലസേചനത്തിന് കണികാജലസേചനം പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റുന്ന കൃഷിയിടങ്ങളില്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുക. ഭൂഗര്‍ഭജല വിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറയ്ക്കുവാനും ജലസേചനത്തേക്കാള്‍ കുടിവെള്ളത്തിനു മുന്‍ഗണന നല്‍കേണ്ടതിനെ കുറിച്ചും കൃഷിക്കാരെ ബോധവല്‍ക്കരിക്കണം. കുടിവെള്ളക്ഷാമം നേരിടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടപ്പിലാക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജില്ലയില്‍ കണ്‍ട്രോള്‍ റും പ്രവര്‍ത്തനക്ഷമമാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിങ്ങളില്‍ സരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ഏറ്റവും രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കി.

അത്യുഷ്ണ സമയങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, നവജാത ശിശു, മുലയൂട്ടുന്ന അമ്മമാര്‍, വനിതകള്‍, രോഗികള്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്കാന്‍ വനിതാ-ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ബോധവല്‍ക്കരണ ക്യാമ്പയിനും ആവശ്യമായ ശുദ്ധജലം, മരുന്നുകള്‍ തുടങ്ങിയവ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സാമൂഹിക നീതി വകുപ്പിനോട് നിര്‍ദേശിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണലും കുടിവെള്ളവും വീടുകളിലും ഫാമുകളിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൃഗസംരക്ഷണ വകുപ്പിനും വനത്തിലെ ജലസ്രോതസ്സുകള്‍, കാട്ടരുവി, പുഴ കുളങ്ങള്‍ തുടങ്ങിയവ വേനല്‍ക്കാല മുന്നോടിയായി വൃത്തിയാക്കുകയും പുനരുജീവിപ്പിക്കുകയും ചെയ്യാന്‍ വനം വന്യജീവി സംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കി.
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, ഡി.എഫ്.ഒ എസ് വൈശാഖ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതി, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, വിവിധ തദ്ദേശസ്വയം ഭരണസ്ഥാനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

facebook twitter