കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭൂട്ടാന്‍ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മര്‍ദ്ദവും നേരിട്ടതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയില്‍ തന്നെ തുടരുകയായിരുന്നു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി സാമ്പത്തിക കാര്യ വകുപ്പില്‍ നിന്നുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിര്‍മല സീതാരാമനാണ്.