ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; തമിഴ്നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

08:40 AM Nov 06, 2025 | Suchithra Sivadas

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തമിഴ്നാട് വിരുതനഗര്‍ ജില്ലയിലെ ബന്ദല്‍ക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജന്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതി ചാടിപ്പോയതില്‍ തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും കടുത്ത വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്നാട് പൊലീസ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്.
വിലങ്ങില്ലാതെ പ്രതിയുമായി തമിഴ്നാട് പൊലീസ് ആലത്തൂരിലെ ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതി രക്ഷപ്പെട്ടതില്‍ തമിഴ്നാട് പൊലീസിന്റെ വീഴ്ച തെളിയിക്കുന്നതായിരുന്നു ഈ സിസിടിവി ദൃശ്യങ്ങള്‍.

ബാലമുരുകനായി, തെങ്കാശിയും പൊള്ളാച്ചിയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍

Trending :