+

കന്നഡ സംസാരിക്കാത്തതിന് സ്ഥലം മാറ്റിയ ബാങ്ക് ഉദ്യോഗസ്ഥ ഒടുവില്‍ കന്നഡയില്‍ മാപ്പുപറഞ്ഞു

കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച ബാങ്ക് മാനേജറെ സ്ഥലംമാറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്.  

കര്‍ണാടകയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ ഉപയോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് സ്ഥലം മാറ്റിയ ബാങ്ക് ഉദ്യോഗസ്ഥ ഒടുവില്‍ മാപ്പുപറഞ്ഞു. കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട് ഒരു ദിവസത്തിനു ശേഷമാണ് കന്നഡയില്‍ തന്നെ ഉദ്യോഗസ്ഥ മാപ്പുചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. താന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും ഇനി മുതല്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഇവര്‍ പറയുന്നത്. ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകര്‍ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയുകയായിരുന്നു.

കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച ബാങ്ക് മാനേജറെ സ്ഥലംമാറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്.  ബാങ്ക് മാനേജറുടെ പെരുമാറ്റം അപലപനീയമാണെന്നും പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നത് അവിടുത്തെ ജനങ്ങളെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 'അവര്‍ കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ തയ്യാറാകാതിരുന്നതും പൗരന്മാരെ അവഗണിച്ചതും ശക്തമായി അപലപിക്കേണ്ടതാണ്. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിക്കൊണ്ടുളള എസ്ബിഐയുടെ നടപടിയെ അഭിനന്ദിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എല്ലാ ബാങ്ക് ജീവനക്കാരും ഉപയോക്താക്കളോട് മാന്യമായി പെരുമാറുകയും പ്രാദേശിക ഭാഷകളില്‍ സംസാരിക്കാന്‍ ശ്രമിക്കുകയും വേണം. ഇന്ത്യയിലുടനീളമുളള എല്ലാ ബാങ്ക് ജീവനക്കാര്‍ക്കും ഇതുസംബന്ധിച്ച പരിശീലനം നല്‍കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രാദേശിക ഭാഷയെ ബഹുമാനിക്കുക എന്നാല്‍ ജനങ്ങളെ ബഹുമാനിക്കുക എന്നാണ്' എന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

facebook twitter