ബംഗളൂരു: ബീദർ ജില്ലയിൽ യുവ ദമ്പതികളെ മൂന്ന് വയസ്സുള്ള കുട്ടിയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു. രാജു കൊലാസുരെ (28), ഭാര്യ സാരിക കൊലാസുരെ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബസവകല്യാൺ താലൂക്കിലെ ജാഫറവാടി ഗ്രാമത്തിലാണ് സംഭവം. പൊലീസ് പറയുന്നതിങ്ങിനെ: രാജുവിന് അതേ ഗ്രാമത്തിലെ യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പ്രതിഷേധത്തെത്തുടർന്ന് രാജു ഭാര്യ സാരികക്കും മകനുമൊപ്പം മുംബൈയിലേക്ക് താമസം മാറി.
കുറ്റകൃത്യം ആസൂത്രണം ചെയ്ത ശേഷം യുവതിയുടെ ബന്ധുക്കളായ പ്രതികൾ രാജുവിനെ ഗ്രാമത്തിലേക്ക് തിരികെ വിളിച്ചുവരുത്തി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ഒത്തുതീർപ്പ് യോഗത്തിന് അവർ രാജുവിനെ ക്ഷണിച്ചു. രാജുവിന്റെ ഭാര്യയും മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. യോഗത്തിനിടെ പ്രതികൾ രാജുവിനെയും ഭാര്യയെയും ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കുഞ്ഞിന്റെ മുന്നിൽ വെച്ചാണ് മുഴുവൻ സംഭവവും നടന്നത്.
മരണസമയത്ത് സാരിക ഗർഭിണിയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മാതാപിതാക്കളുടെ മൃതദേഹത്തിനരികിൽ കരയുന്ന കുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായിരുന്നു. കീഴടങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.