ബെംഗളുരു: രാജ്യത്തെ ഐടി മേഖലയുടെ പ്രധാന കേന്ദ്രമായ ബെംഗളുരുവില്‍ ജീവിതച്ചെലവ് കുത്തനെ വര്‍ദ്ധിക്കുന്നു. അടുത്തിടെ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. ലക്ഷം രൂപയിലേറെ ശമ്പളം കിട്ടിയാലും ഉയര്‍ന്ന വാടകയും ജീവിതച്ചെലവും ബുദ്ധിമുട്ടിക്കുകയാണെന്നാണ് ടെക്കികളുടെ പരാതി.
സോഫ്റ്റ്വെയര് പ്രൊഫഷണലായ ഒരാള്‍ കഴിഞ്ഞദിവസം സമാന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയപ്പോള്‍ ഒട്ടേറെപ്പേര്‍ പ്രതികരണവുമായെത്തി. തന്റെ ശമ്പള വര്‍ദ്ധനവ് വീട്ടുടമസ്ഥന്റെ വാടക വര്‍ദ്ധനവിനൊപ്പം എത്തുന്നില്ലെന്നാണ് ഇയാള്‍ ചൂണ്ടിക്കാട്ടുന്നത്.
എനിക്ക് ലഭിച്ച ശമ്പള വര്‍ദ്ധനവ് 7.5% ആയിരുന്നു. അതേസമയം വീട്ടുടമസ്ഥന് വാടക 10% വര്‍ദ്ധിപ്പിച്ചു. ഇത് തുടര്‍ന്നാല്‍, ഒരു ദിവസം എന്റെ ശമ്പളത്തേക്കാള്‍ കൂടുതലാകും വാടകയെന്ന് ടെക്കി പറഞ്ഞു. പ്രതികരണവുമായെത്തിയ ബെംഗളൂരുവിലെ യുവ പ്രൊഫഷണലുകള്‍ പോസ്റ്റില്‍ പറയുന്നത് ശരിയാണെന്ന് വിലയിരുത്തി.
ബെഗളുരുവിലെയും ഹൈദരാബാദിലെയും മിക്ക ഐടി ജീവനക്കാരുടെയും കാര്യത്തില്‍ ഇത് ശരിയാണ്. ഞങ്ങളുടെ ശമ്പളത്തിന്റെ പകുതി വാടക നല്‍കുന്നതിനും ബാക്കി പകുതി നികുതി അടയ്ക്കുന്നതിനുമാണ് പോകുന്നതെന്ന് ഒരാള്‍ പറഞ്ഞു.
ഐടി മേഖലയുടെ കുതിപ്പ് കാരണം വാടക വീടുകള്‍ക്കുള്ള ഉയര്‍ന്ന ആവശ്യകതയുള്ള പ്രദേശമാണ് ബെംഗളുരു. ഓരോ വര്‍ഷവും വാടക കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി ശമ്പള വര്‍ദ്ധനവ് ലഭിക്കുന്നില്ല. നാലും അഞ്ചും ആളുകളുള്ള മുറിയില്‍ പിജി ആയി താമസിച്ച് ചെലവ് ചുരുക്കുകയാണ് പലരുമെന്നാണ് റിപ്പോര്‍ട്ട്.