കണ്ണൂർ : വഖഫ് ഭേദഗതി ബിൽ മുനമ്പത്തെ ജനതയ്‌ക്ക് പ്രതീക്ഷയുടെ പുലരിയെന്ന് കത്തോലിക്ക കോൺഗ്രസ്. ജനങ്ങളുടെ കണ്ണീർ എംപിമാർ കണ്ടില്ലെന്നും വഖ്ഫ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. തലശേരിയിൽ മാധ്യമങ്ങളോട് വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ പാസായതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം '
വഖ്ഫ് ബോഡിന്റെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരും ഇവിടെയുണ്ട്. അതിൽ ക്രിസ്ത്യൻസും മുസ്ലീങ്ങളുമുണ്ട്. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ വലിയൊരു മുറിവായി. അത് ജനങ്ങളുടെ മനസിൽ അവശേഷിക്കുക തന്നെ ചെയ്യും. ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടത്”.
മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ എംപിമാർ കണ്ടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും ഇത് പ്രതിഫലിക്കും. ബില്ല് പാസാകുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമായി. ഇനി സമരം തുടരേണ്ടതില്ല. ബില്ലിനെ എതിർത്തവരുടെ നിലപാട് വേദനാജനകമാണ്. സഭ സ്വീകരിച്ചത് വിഷയാധിഷ്ഠിത നിലപാടാണ്. അനുകൂലിച്ചവരെ തിരിച്ച് അനുകൂലിച്ചും അവഗണിച്ചവരോട് തുറന്നുപറഞ്ഞും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.