+

കേരളത്തില്‍ ഭൂമി വില കുറയുന്നു, ഭൂമി ഇടപാടുകളും കുത്തനെ കുറഞ്ഞു, ജനങ്ങള്‍ക്ക് താത്പര്യം സ്വര്‍ണത്തിനോട്, മുരളി തുമ്മാരുകുടിയുടെ പ്രവചനം സത്യമാകുന്നു

കേരളത്തില്‍ ഭൂമി ഇടപാടുകള്‍ കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും ഭൂമിയില്‍ നിക്ഷേപിക്കാനുള്ള താത്പര്യക്കുറവുമെല്ലാം കാരണം ഭൂമി വിലയിലും പ്രതീക്ഷിച്ച ഉയര്‍ച്ച ഉണ്ടാകുന്നില്ല.

തിരുവനന്തപുരം: കേരളത്തില്‍ ഭൂമി ഇടപാടുകള്‍ കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും ഭൂമിയില്‍ നിക്ഷേപിക്കാനുള്ള താത്പര്യക്കുറവുമെല്ലാം കാരണം ഭൂമി വിലയിലും പ്രതീക്ഷിച്ച ഉയര്‍ച്ച ഉണ്ടാകുന്നില്ല.

കഴിഞ്ഞ സാമ്പത്തികവര്‍ഷം, മുന്‍വര്‍ഷത്തെക്കാള്‍ 15,664 ആധാരങ്ങളുടെ കുറവുണ്ടായി. 6382.15 കോടി രൂപ വരുമാനം ലക്ഷ്യമിട്ട രജിസ്ട്രേഷന്‍ വകുപ്പിനു ലഭിച്ചത് 5578.94 കോടി രൂപയാണ്. പ്രതീക്ഷിച്ചതിലും 803.21 കോടിയുടെ കുറവ്.

ഭൂമിയിടപാടുകള്‍ കുറഞ്ഞതോടെ സ്ഥലവിലയും കുറഞ്ഞു. പല കാരണങ്ങളും ഇതിന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഭൂമിയില്‍ നിക്ഷേപിച്ചാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ പലമടങ്ങ് തിരിച്ചുകിട്ടിയ കാലമുണ്ടായിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള താത്പര്യവുമെല്ലാം ഭൂമി ഇടപാടുകളെ ബാധിച്ചു.

സ്വര്‍ണത്തിനുണ്ടാകുന്ന വന്‍ വില വര്‍ദ്ധന ഭൂമി ഇടപാടിനേക്കാള്‍ ലാഭകരമാണ്. ഭൂമിയേക്കാള്‍ വേഗത്തില്‍ സ്വര്‍ണം വിറ്റഴിക്കാമെന്നതും ആളുകളെ ആകര്‍ഷിക്കുന്നു. വിദേശരാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും പോകുന്നവര്‍ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതും കേരളത്തില്‍ ഭൂമിയിടപാടില്‍ കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ ഗള്‍ഫ് പ്രവാസികളാണ് കേരളത്തില്‍ സ്ഥലവില ഉയരുന്നതില്‍ സ്വാധീനം ചെലുത്തിയിരുന്നത്. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ വസ്തുക്കള്‍ വാങ്ങാമെന്ന നിയമം വന്നതോടെ സംസ്ഥാനത്തെ സ്വത്തുവകകള്‍ വില്‍ക്കുന്നവരുണ്ട്. മക്കള്‍ക്കൊപ്പം യൂറോപ്പിലും മറ്റും കുടിയേറുന്ന ഗള്‍ഫ് പ്രവാസികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

ആധാരങ്ങള്‍ കുറഞ്ഞതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായെങ്കിലും കോമ്പൗണ്ടിങ്, സെറ്റില്‍മെന്റ് പദ്ധതികളിലൂടെയും അണ്ടര്‍വാല്യുവേഷനിലൂടെയും ന്യായവില കര്‍ശനമാക്കിയതുംവഴി 359.60 കോടി രൂപയുടെ അധികവരുമാനമുണ്ടായി. അണ്ടര്‍വാല്യുവേഷനിലൂടെ മാത്രം 31 കോടി രൂപയാണ് വരുമാനം.

2020 മുതല്‍ സംസ്ഥാനത്ത് ഭൂമി ഇടപാടുകള്‍ കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-22 വര്‍ഷത്തില്‍ 9,26,487 ആധാരങ്ങളാണുണ്ടായത്. 4431.89 കോടി രൂപ വരുമാനം നേടി. 2022-23ല്‍ 10,36,863 ആധാരങ്ങളിലൂടെ 5662.12 കോടി രൂപ വരുമാനമുണ്ടായി. 2023-24 വര്‍ഷത്തില്‍ 8,86,065 ആധാരങ്ങള്‍ ഉണ്ടായപ്പോള്‍ 5219.34 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.

യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി സംസ്ഥാനത്തെ ഭൂമി ഇടപാടുകളില്‍ കുറവുണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍തേടി പോകുന്ന വിദ്യാര്‍ത്ഥികള്‍ അവിടെ സ്ഥിര താമസമാക്കുന്നത് സംസ്ഥാനത്തെ ഭൂമി വിലയില്‍ കുറവുണ്ടാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

 

facebook twitter