ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ പിരീഡ് ത്രില്ലർ ചിത്രമായിരുന്നു ജയിലർ. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസിന് എത്തിയത്. ഒന്നര വർഷത്തിന് ശേഷം മനോരമ മാക്സിലൂടെ ഏപ്രിൽ നാലിനാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. അൻപതുകൾ പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. എൻ കെ മുഹമ്മദാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ സംവിധാനം സക്കീർ മഠത്തിൽ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നില്ല.
അതേസമയം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ ചിത്രത്തിൽ എത്തുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.