സ്ഥാപനങ്ങൾ കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നത് അഴിമതി കുറയ്ക്കാൻ സഹായിക്കും: ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി

07:56 PM Nov 04, 2025 | AVANI MV

തിരുവനന്തപുരം:  സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കുന്നതും കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നതും അഴിമതി കുറയ്ക്കാൻ സഹായിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി. ഇത്തരത്തിൽ പ്രവർത്തനങ്ങൾ സുതാര്യമാകുന്നതോടെ പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന ചെറുപ്പക്കാർ സ്വാഭാവികമായും ആ വഴി തെരഞ്ഞെടുക്കുമെന്നും അവർ പറഞ്ഞു. രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) സംഘടിപ്പിച്ച വിജിലൻസ് ബോധവൽക്കരണ വാരാചരണം 2025-നോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അവർ.

പൊതുഭരണത്തിൽ സമഗ്രത, സുതാര്യത, ഉത്തരവാദിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വിജിലൻസ് കമ്മീഷൻറെ സംരംഭത്തിൻറെ ഭാഗമാണ് വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചത്.

സർക്കാർ സംവിധാനങ്ങൾ അഴിമതി കൂടാതെയുള്ള പ്രവർത്തനങ്ങൾ നിലനിർത്തുകയും അതിനായി നിരന്തര പരിശ്രമം നടത്തുകയും വേണമെന്ന് ഹർഷിത അട്ടല്ലൂരി പറഞ്ഞു. കൃത്യമായ ഡാറ്റ സൂക്ഷിക്കുകയും വെബ്സൈറ്റുകൾ സമയാസമയം നവീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഏറ്റെടുക്കണം.

Trending :

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ആഗോളതലത്തിൽ പൊതുസംവിധാനങ്ങൾ 10 മുതൽ 20 ശതമാനം വരെ അഴിമതി നിറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പല പിന്നാക്ക രാജ്യങ്ങളും അഴിമതിയിലും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ സംവിധാനത്തിലും മുന്നിലാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അഴിമതി കുറവുള്ള 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 96-ാം സ്ഥാനത്താണെന്നത് ആശങ്കാജനകമാണ്. രാജ്യം വലിയ സമ്പദ് വ്യവസ്ഥയാകുകയും ജിഡിപി വളർച്ചയിൽ മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഘട്ടത്തിൽ അഴിമതി പിടിച്ചു നിർത്താനാകുന്നില്ലെന്നത് ഗൗരവമായി കാണണമെന്ന് ഹർഷിത അട്ടല്ലൂരി ചൂണ്ടിക്കാട്ടി.
 
വിശ്വസനീയമായ ശാസ്ത്രീയ ഡാറ്റ സൃഷ്ടിക്കേണ്ടത് ഗവേഷണത്തിൽ അനിവാര്യമാണ്. ഗവേഷണ-വികസന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ കൃത്യമായ ഡാറ്റ സൂക്ഷിക്കുകയും വിവരങ്ങൾ അതത് സമയത്ത് പരിഷ്കരിക്കുകയും വേണം.

അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ കൃത്യസമയത്ത് അധികൃതരെ  അറിയിക്കുന്നതിലൂടെ മാത്രമേ അഴിമതി കുറച്ചുകൊണ്ടുവരാനാകൂ. അഴിമതി ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനത്തിൽ സ്വന്തം പങ്ക് നിർവ്വഹിക്കുന്നതിൽ പൗരന്മാർ ഭാഗമാകണമെന്നും അവർ കൂട്ടിച്ചേർത്തു.

വിജിലൻസ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ച് ആർജിസിബി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ഹർഷിത അട്ടല്ലൂരി നിർവ്വഹിച്ചു.

ആർജിസിബി ചീഫ് വിജിലൻസ് ഓഫീസറും സയൻറിസ്റ്റുമായ ഡോ. എസ് മഞ്ജുള സംസാരിച്ചു. ആർജിസിബി റിസർച്ച് അഡ്മിനിസ്ട്രേഷൻ ഡീനും സയൻറിസ്റ്റുമായ ഡോ. എസ്. ആശ നായർ ചടങ്ങിന് സ്വാഗതവും ആർജിസിബി അക്കാദമിക്സ് ഡീനും സയൻറിസ്റ്റുമായ ഡോ. പ്രിയ ശ്രീനിവാസ് നന്ദിയും പറഞ്ഞു.