കാലി കുപ്പികള്‍ ശേഖരിക്കാനൊരുങ്ങി ബെവ്‌കോ

11:41 AM Jul 07, 2025 |


തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാന്‍ ബിവറേജസ് കേര്‍പ്പറേഷന്‍ ആലോചന. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കുപ്പി നിക്ഷേപിക്കാന്‍ ഔട്ട്‌ലെറ്റിന് സമീപം ബാസ്‌കറ്റ് ഒരുക്കാനാണ് പ്രാഥമിക ഘട്ടത്തിലെ ആലോചന.

മദ്യം വാങ്ങാന്‍ വരുമ്പോള്‍ ഒഴിഞ്ഞ കുപ്പി അതില്‍ നിക്ഷേപിക്കാം. പദ്ധതി സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം ഉണ്ടാകും.കേരള ക്ലീന്‍ കമ്പനിക്ക് എല്ലാ ജില്ലകളിലും ഓഫീസും ഗോഡൗണും ഉണ്ട്. അതിനാല്‍ ബോട്ടിലുകള്‍ നീക്കാന്‍ പ്രയാസം ഉണ്ടായേക്കില്ല. ബെവ്‌കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവര്‍ഷം 51 കോടി കുപ്പി മദ്യമാണ് ശരാശരി വില്‍ക്കുന്നത്.

ഉപയോഗശേഷം കുപ്പികള്‍ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് നടപടി.സംസ്ഥാനത്തെ മുഴുവന്‍ ഔട്ട്‌ലെറ്റിലും ഈ സൗകര്യം ഒരുക്കും. ബാസ്‌കറ്റ് നിറയുന്നതിനനുസരിച്ച് ആഴ്ചയിലോ മാസത്തിലോ ക്ലീന്‍ കേരള കമ്പനി ഇവ നീക്കം ചെയ്യും. പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക. ബോട്ടിലുകള്‍ നീക്കം ചെയ്യാന്‍ ചെറിയ തുക ബെവ്‌കോ നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല.